32 തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് ചൊവ്വാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വന്‍ കുതിപ്പ്. 17 വാര്‍ഡുകളില്‍ എല്‍ഡിഎഫ് വിജയിച്ചു. ഇതില്‍ മൂന്ന് വാര്‍ഡുകള്‍ യുഡിഎഫില്‍ നിന്ന് പിടിച്ചെടുത്തതാണ്. യുഡിഎഫ് 13 സീറ്റുകളിലും, ഒരു സീറ്റില്‍ ബിജെപിയും ഒരു സീറ്റില്‍ സ്വതന്ത്രനും വിജയിച്ചു. ഉപതരെഞ്ഞെടുപ്പ് നടന്ന 32 ല്‍ നേരത്തേ 16 സീറ്റുകളാണ് എല്‍ഡിഎഫിനുണ്ടായിരുന്നത്. യുഡിഎഫിന് 15ഉം ബിജെപിക്ക് ഒരു സീറ്റുമുണ്ടായിരുന്നു.
തിരുവനന്തപുരം, പാലക്കാട്, കോട്ടയം ജില്ലകളില്‍ കോണ്‍ഗ്രസിന് കയ്യിലുണ്ടായിരുന്ന സീറ്റുകള്‍ നഷ്ടമായി. ബിജെപിക്ക് കൊല്ലം ജില്ലയിലെ സിറ്റിംഗ് സീറ്റ് നഷ്ടമായി. ഇടുക്കിയില്‍ ഒരുവോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഒരുവാര്‍ഡ് നേടിയതാണ് ഏക ആശ്വാസം. മറ്റിടങ്ങളിലൊന്നും ബിജെപിക്ക് നേട്ടമുണ്ടാക്കാനായില്ല. എല്‍ഡിഎഫിന്റെയും ബിജെപിയുടെയും ഓരോ വാര്‍ഡുകളില്‍ യുഡിഎഫ് വിജയിച്ചു.
തെരഞ്ഞെടുപ്പ് നടന്ന ആലപ്പുഴ, പാലക്കാട്, കോഴിക്കോട് എന്നീ മൂന്ന് ജില്ലാ പഞ്ചായത്തുകളിലും എല്‍ഡിഎഫ് ലീഡ് ചെയ്യുകയാണ്. മൂന്നും എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റുകളാണ്. ആലപ്പുഴ ജില്ലാ പഞ്ചായത്ത് അരൂര്‍ ഡിവിഷനില്‍ വോട്ടെണ്ണല്‍ പൂർത്തിയായപ്പോൾ സിപിഐ എമ്മിലെ അനന്തു രമേശന്‍ 9490 വോട്ടുകള്‍ക്ക് വിജയിച്ചു. പാലക്കാട് ജില്ലാ പഞ്ചായത്ത് ശ്രീകൃഷ്ണപുരം ഡിവിഷനില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ ശ്രീധരന്‍ വിജയിച്ചു. 9270 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജയം.