മലയാളി നഴ്‌സുമാര്‍ക്ക് ജര്‍മനിയില്‍ തൊഴിലവസരം; ട്രിപ്പിള്‍ വിന്‍ പദ്ധതിയുമായി നോര്‍ക്ക

0
171

മലയാളി നഴ്‌സുമാര്‍ക്ക് ജര്‍മ്മനിയില്‍ തൊഴിലവസരം ഉറപ്പിച്ച് നോര്‍ക്കയും ജര്‍മന്‍ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയും ധാരണാപത്രത്തില്‍ ഒപ്പുവച്ചു. ആഗോളതൊഴില്‍ മേഖലയിലെ മാറ്റങ്ങള്‍ക്കനുസൃതമായി പുതിയ സാധ്യതകള്‍ കണ്ടെത്താനുള്ള നോര്‍ക്കയുടെ ശ്രമഫലമായാണ് ലോകത്തിലെ പ്രധാന വ്യവസായവത്കൃത രാജ്യങ്ങളിലൊന്നായ ജര്‍മനിയിലെ ആരോഗ്യമേഖലയിലേക്ക് റിക്രൂട്ടുമെന്റിനു വഴി തുറന്നിരിക്കുന്നത്.

ട്രിപ്പിള്‍ വിന്‍ എന്നു നാമകരണം ചെയ്തിരിക്കുന്ന ഈ പദ്ധതി ഇന്ത്യയില്‍ തന്നെ സര്‍ക്കാര്‍ തലത്തില്‍ ജര്‍മനിയിലേക്കുള്ള ആദ്യത്തെ റിക്രൂട്ട്‌മെന്റ് പദ്ധതിയാണ്. മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലടക്കമുള്ള വിപുലമായ തൊഴില്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനുള്ള ആദ്യപടിയായാണ് ട്രിപ്പിള്‍ വിന്‍ കണക്കാക്കപ്പെടുന്നത്.

കോവിഡാനന്തരം ജര്‍മനിയില്‍ പതിനായിരക്കണക്കിന് നഴ്‌സിംഗ് ഒഴിവുകള്‍ ഉണ്ടാകുമെന്നാണു കരുതപ്പെടുന്നത്. അടുത്ത പതിറ്റാണ്ടില്‍ ആരോഗ്യ മേഖലയില്‍ ലോകമെങ്ങും 25 ലക്ഷത്തില്‍ അധികം ഒഴിവുകളും പ്രതീക്ഷക്കപ്പെടുന്നു. പ്രതിവര്‍ഷം കേരളത്തില്‍ 8500ലധികം നഴ്‌സിംഗ് ബിരുദധാരികള്‍ പുറത്തിറങ്ങുന്നുണ്ട്. ഏറ്റവും മികച്ച ഉദ്യോഗാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യാന്‍ ഈ പദ്ധതി വഴി സാധിക്കും.

ഇന്ത്യയിലെ ജര്‍മന്‍ ഫെഡറല്‍ ഫോറിന്‍ ഓഫീസിലെ കോണ്‍സുലര്‍ ജനറല്‍ അച്ചിം ബുര്‍ക്കാര്‍ട്ട്, ജര്‍മന്‍ എംബസിയിലെ സോഷ്യല്‍ ആന്റ് ലേബര്‍ അഫേയഴ്‌സ് വകുപ്പിലെ കോണ്‍സുലര്‍ തിമോത്തി ഫെല്‍ഡര്‍ റൗസറ്റി എന്നിവരാണ് ധാരണാ പത്രം ഒപ്പുവയ്ക്കാന്‍ കേരളത്തില്‍ എത്തിയത്.