ന്യൂഡൽഹി: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ഇന്ത്യയിൽ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. സംസ്ഥാന ആരോഗ്യ വകുപ്പ് പ്രതിനിധികളുടെ യോഗത്തിൽ കേന്ദ്ര ആരോഗ്യ വകുപ്പ് സെക്രട്ടറിയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യസഭയിൽ ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യയും ഇക്കാര്യം പറഞ്ഞു.
കോവിഡിനെതിരേ എല്ലാ തലത്തിലും പോരാടാൻ രാജ്യം സജ്ജമാണെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേർത്തു. ഇതിനിടെ വാക്സിനേഷൻ ത്വരിതപ്പെടുത്താൻ ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളോട് അഭ്യർത്ഥിച്ചു.
ആന്റിജൻ, ആർടിപിസിആർ പരിശോധനകളിലൂടെ ഒമിക്രോൺ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്താമെന്ന് മന്ത്രാലയം വ്യക്തമാക്കി. വിമാനത്താവളങ്ങളിൽ നിരീക്ഷണം കർശനമാക്കണമെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശം പാലിക്കാനും കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു.
രണ്ടാം ഡോസ് എടുക്കാൻ ചില ആളുകൾ വിമുഖത കാണിക്കുന്നുണ്ടെന്നും അത്തരക്കാരെ ബോധവത്ക്കരിക്കണമെന്നും നിർദേശമുണ്ട്.