സൈബർ കുറ്റകൃത്യങ്ങൾക്ക് ഇനി പിടിവീഴും, ഇതാ എത്തുന്നു കേരളാ പൊലീസിന്റെ ‘ടോക്ക് ടു കേരള പൊലീസ്

0
99

സൈബര്‍ മേഖലയിലെ കുറ്റകൃത്യങ്ങള്‍ മികച്ച സാങ്കേതിക വിദ്യയുടെ സഹായത്തോടെ കണ്ടെത്തുന്നതിന് കേരളാ പൊലീസിന്റെ ‘ടോക്ക് ടു കേരള പൊലീസ്’ തയ്യാര്‍.
കേരള പൊലീസിന് കീഴില്‍ സൈബര്‍ സുരക്ഷാ രംഗത്ത് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചു വരുന്ന കേരള പോലീസ് അസിസ്റ്റന്റ് ചാറ്റ് ബോട്ട് സർവ്വീസ് ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് നിർവ്വഹിച്ചു.

കേരളാ പൊലീസ് സൈബർഡോം കോഴിക്കോട് വികസിപ്പിച്ചെടുത്ത സുരക്ഷിതവും കാര്യക്ഷമവും ഉപയോക്തൃ സൗഹൃദവുമായ ചാറ്റ്ബോട്ട് സേവനമാണ് ‘ടോക് ടു കേരള പോലീസ്’ പ്രത്യേക ആപ്പോ മറ്റ് ഓണ്‍ലൈന്‍ വെബ്‌സൈറ്റുകളോ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സര്‍വീസാണ് .നേരിട്ട് ഗൂഗിള്‍ വോയ്‌സ് അസിസ്റ്റന്റിലൂടെ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും എന്നാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.
പൊതുജന-പൊലീസ് പങ്കാളിത്ത മാതൃക എന്ന നിലയില്‍ കേരളാ പൊലീസിന്റെ ടെക്നോളജിക്കല്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് സെന്റര്‍ വിഭാവനം ചെയ്ത സൈബര്‍ഡോം ഉയര്‍ന്നു വരുന്ന സൈബര്‍ ഭീഷണികളെ പൊലീസിന്റെ സഹായത്തോടെ നേരിടാനാണ് ലക്ഷ്യമിടുന്നത്. കേരളത്തിലെ സൈബര്‍ഡോമിന്റെ മൂന്നാം പതിപ്പാണ് കോഴിക്കോട്ടേത്. സൈബര്‍ സുരക്ഷയിലും കാര്യക്ഷമമായ പൊലീസിംഗിനുള്ള സാങ്കേതികവിദ്യ വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള സൈബര്‍ സെന്റര്‍ ഓഫ് എക്സലന്‍സാണ് സൈബര്‍ ഡോം എന്ന് പറയുന്നത്.

എന്നാൽ ചാറ്റ് ബോട്ട് സർവീസ് ഉപയോഗിക്കാൻ ആൻഡ്രോയ്ഡ് ഫോണും ഇന്റർനെറ്റ് കണക്ഷനും മാത്രം മതി. ഉദാഹരണത്തിന് കണ്മുന്നിൽ ഒരാൾ അപകടകാരമാം വിധത്തിൽ വാഹനം ഓടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഗൂഗിൾ അസിസ്റ്റന്റ് ആക്ടിവേറ്റ് ചെയ്യുക.
ഒരു പക്ഷെ ഈ രീതിയിൽ ആക്ടിവേറ്റ് ചെയ്യാൻ സാധിച്ചില്ലെങ്കിൽ ഫോണിലെ ഹോം ബട്ടൺ മൂന്ന് സെക്കന്റ് നേരം പ്രസ് ചെയ്താൽ മാത്രം മതി. ഇങ്ങനെ ഗൂഗിൾ അസിസ്റ്റന്റ് ആക്ടിവേറ്റ് ആയാൽ “ടോക് ടു കേരള പോലീസ്” എന്നു പറഞ്ഞു കേരള പൊലീസിന്റെ പോർട്ടലിൽ കയറുക. ശേഷം കണ്ട കുറ്റകൃത്യം പറയുക. ഈ സമയം ആവശ്യമായ സേവനം അല്ലെങ്കിൽ നിർദേശം കേരള പൊലീസിന്റെ പോർട്ടലിൽ നിന്നും ലഭിക്കും. മൂന്ന് ഘട്ടങ്ങളായാണ് പൊതുജനങ്ങൾക്ക് ആവശ്യമായ സേവനം വിരൽത്തുമ്പിൽ ലഭിക്കുന്നത്. ഇതിനായി ഒരു തരത്തിലുള്ള അപ്ലിക്കേഷനുകളും ഡൌൺലോഡ് ചെയ്യേണ്ട ആവശ്യം വരുന്നില്ല.