ഒരു മാസത്തിനുള്ളിൽ ഷവോമി പുറത്തിറക്കുന്നത് മൂന്ന് ഫോണുകൾ

0
78

ലോകത്ത് ഏറ്റവും വലിയ സ്മാർട്ട് ഫോൺ വിപണികളിലൊന്നാണ് ഇന്ത്യ. അതുകൊണ്ട് തന്നെ ഓരോ മാസവും വിവിധ ബ്രാൻഡുകൾ നിരവധി മോഡലുകളാണ് ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. ഇപ്പോളിതാ ഈ വർഷം അവസാനിപ്പിക്കും മുമ്പ് തന്നെ മൂന്ന് മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് സ്മാർട്ട് ഫോൺ മേഖലയിലെ ചൈനീസ് ഭീമനായ ഷവോമി അറിയിച്ചിരിക്കുന്നത്.

റെഡ്മി നോട്ട് 11 ടി 5ജിയാണ് അതിൽ പ്രധാനി. നിലവിലുള്ള നോട്ട് 11 ന്റെ പരിഷ്‌കരിച്ച പതിപ്പായിരിക്കും ഇത്. നവംബർ 30ന് ഫോൺ പുറത്തിറങ്ങുമെന്നാണ് സൂചന. കൂടാതെ റെഡ്മി നോട്ട് 11 പ്രോ റെഡ്മി 11 പ്രോ പ്ലസ് എന്നീ പേരിൽ ആഗോളവിപണിയിൽ അവതരിപ്പിച്ച മോഡലുകൾ ഇന്ത്യൻ വിപണിയിൽ ഷവോമി 11ഐ, ഷവോമി 11ഐ ഹൈപ്പർ ചാർജ് എന്ന പേരിലും അവതരിപ്പിക്കും. ഫോണിന്റെ സ്‌പെസിഫിക്കേഷനെ കുറിച്ചുള്ള വിവരങ്ങളൊന്നും നിലവിൽ പുറത്തുവന്നിട്ടില്ല. എന്നിരുന്നാലും പോ എം4 പ്രോ 5ജി എന്ന പേരിൽ യൂറോപ്യൻ വിപണിയിൽ അവതരിപ്പിച്ച ഫോണിന്റെ സ്‌പെസിഫിക്കേഷൻ തന്നെയായിരിക്കും ഇന്ത്യയിൽ അവതരിപ്പിക്കാൻ പോകുന്ന പരിഷ്‌കരിച്ച നോട്ട് 11 സീരീസിന്.

അതനുസരിച്ച് 90 ഹേർട്‌സ് റീഫ്രഷ് റേറ്റോട് കൂടിയ 6.6 ഇഞ്ചിന്റെ ഫുൾ എച്ച്ഡി പ്ലസ് ഡോട്ട് ഡിസ്‌പ്ലെയായിരിക്കും ഫോണിന്. ഏറ്റവും പുതിയ മീഡിയ ടെക്ക് ഡൈമെൻസിറ്റി 810 എസ്ഒസി പ്രോസസറുള്ള ഫോണിന് 6 ജിബി റാമുണ്ടാകും. 50 മെഗാപിക്‌സൽ ക്യാമറശേഷിയുള്ള ഫോണിന് 5,000 എംഎഎച്ചിന്റെ ബാറ്ററിയും 33 വാട്ടിന്റെ ഫാസ്റ്റ് ചാർജിങും പ്രതീക്ഷിക്കുന്നു.