ഉടമ വീട് പൂട്ടിപ്പോയതോടെ മോഷ്ടാക്കള്‍ കവര്‍ന്നത് 50 പവന്‍ സ്വര്‍ണവും ഒന്നര ലക്ഷത്തോളം രൂപയും

0
62

ഉടമ വീട് പൂട്ടിപ്പോയതോടെ മോഷ്ടാക്കള്‍ കവര്‍ന്നത് 50 പവന്‍ സ്വര്‍ണവും ഒന്നര ലക്ഷത്തോളം രൂപയും.ഊരകം വള്ളിക്കാടന്‍ സൈനുദ്ദീന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം കവര്‍ച്ച നടന്നത്. വീട്ടുകാര്‍ വീട് പൂട്ടി കാരാത്തോട്ടെ ബന്ധുവീട്ടില്‍ പോയ സമയത്താണ് മോഷണം നടന്നത്. രാത്രി എട്ട് മണിക്ക് ശേഷമാണ് സംഭവം. വീട്ടുകാര്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണം ശ്രദ്ധയില്‍ പെട്ടത്.വീടിന്റെ സിറ്റൗട്ടിലെ പ്രധാന വാതിലിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാവ് അകത്ത് കയറിയത്. അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണ്ണാഭരണങ്ങളും 1.4 ലക്ഷം രൂപയുമാണ് മോഷണം പോയത്. എന്നാല്‍ ലാപ്‌ടോപ് ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ മോഷണം പോയിട്ടില്ല. വീടിന്റെ മുകള്‍ നിലയിലേക്ക് മോഷ്ടാവ് കയറിയിട്ടില്ലെന്നാണ് കരുതുന്നത്. മലപ്പുറത്ത് നിന്ന് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. സമീപത്തെ സി സി ടി വി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. സ്റ്റേഷന്‍ ഓഫീസര്‍ ഹനീഫയുടെ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. വീട്ടുകാര്‍ പുറത്തു പോയത് മനസിലാക്കി മോഷണം നടത്തിയതിന് പിന്നില്‍ പരിചയമുള്ളവരുടെ സാന്നിധ്യമുണ്ടോ എന്നും പൊലീസ് അന്വേഷിക്കുകയാണ്.