ഇടുക്കിയിലെ മലയോര മേഖലയില്‍ കനത്ത മഴ കുമളി ടൗണിലും കട്ടപ്പന പാറക്കടവിലും കടകളില്‍ വെള്ളം കയറി

0
48

ഇടുക്കിയിലെ മലയോര മേഖലയില്‍ പെയ്ത കനത്ത മഴയെ തുടര്‍ന്ന് കുമളി ടൗണിലും കട്ടപ്പന പാറക്കടവിലും കടകളില്‍ വെള്ളം കയറി.മുല്ലപ്പെരിയാര്‍ , ഇടുക്കി അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയര്‍ന്നു. കുമളി ടൗണ്‍, തേക്കടി ബൈപാസ് റോഡ്, റോസാപ്പൂക്കണ്ടം തുടങ്ങിയ മേഖലകളിലാണ് വെള്ളം കയറിയത്. കൊട്ടാരക്കര – ഡിണ്ടുക്കല്‍ ദേശീയ പാതയില്‍ കുമളി ടൗണില്‍ വെള്ളം കയറിയതോടെ അര മണിക്കൂറോളം ഭാഗികമായി ഗതാഗതവും തടസ്സപ്പെട്ടു. മഴ കുറഞ്ഞതോടെ വെളളം ഇറങ്ങി.അഞ്ചുരുളി വിനോദ സഞ്ചാര കേന്ദ്രത്തിലേക്കുള്ള റോഡിലും മണ്ണിടിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെട്ടു. കട്ടപ്പന പാറക്കടവില്‍ തോട് കരകവിഞ്ഞു. വൃഷ്ടി പ്രദേശത്തെ കനത്ത മഴമൂലം ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2399.30 അടിയായി ഉയര്‍ന്നു. മുല്ലപ്പെരിയാര്‍ ജലനിരപ്പ് 140.75 അടിയായി ഉയര്‍ന്നു.കല്ലാര്‍ ഡാം തുറന്നു. ഡാമിന്റെ രണ്ട് ഷട്ടറുകളാണ് ബുധനാഴ്ച രാത്രി 11 മണിയോടെ തുറന്നത്. പത്ത് സെനറീമീറ്റര്‍ വീതം ഇരു ഷട്ടറുകളും ഉയര്‍ത്തി. 10 ക്യൂമെക്സ് ജലമാണ് ഒഴുക്കി വിടുന്നത്.കല്ലാര്‍ റിസര്‍വോയറില്‍ പരമാവധി ജലനിരപ്പ് 824.48 മീറ്ററും റെഡ് അലര്‍ട്ട് 823.50 മീറ്ററുമാണ്. ജലനിരപ്പ് റെഡ് അലേര്‍ട്ട് ലെവല്‍ എത്തിയ സാഹചര്യത്തിലാണ് ഡാം തുറക്കുന്നത്. കല്ലാര്‍ പുഴയുടെ ഇരുകരകളില്‍ താമസിക്കുന്ന ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.