25 വർഷം വഴികാട്ടിയ റിക്ഷാക്കാരന് ഒരുകോടി രൂപയുടെ സ്വത്തുക്കൾ എഴുതിവച്ച വിധവ

0
46

ഭുവനേശ്വര്‍ : ഇരുപത്തിയഞ്ച് വര്‍ഷമായി തന്നെ സഹായിച്ച റിക്ഷക്കാരന് ഒരു കോടി രൂപ മൂല്യമുള്ള സ്വത്തുക്കള്‍ എഴുതിവച്ച്‌ 63 കാരിയായ വീട്ടമ്മ. ഒറീസയിലെ കട്ടക്കിലാണ് റിക്ഷാക്കാരന് സ്ത്രീ തന്റെ സ്വത്ത് കൈമാറിയത്. മിനാതി പട്നായിക്ക് എന്ന സ്ത്രീയാണ് ഈ ത്യാഗത്തിന്റെ ഉടമ. ഇപ്പോള്‍ വിധവയായ ഇവരുടെ ആശ്രയം റിക്ഷക്കാരനായ ബുദ്ധ സമാല്‍ ആണ്, ഇയാളുടെ കുടുംബവും മിനാതിയെ സഹായിക്കാറുണ്ട്.

ഇതിനുള്ള സ്‌നേഹ സമ്മാനമായി കട്ടക്കിലെ സുതാഹട്ട് പ്രദേശത്തെ മൂന്ന് നിലകളുള്ള വീടും ആഭരണങ്ങളുമാണ് മിതാനി നല്‍കുന്നത്. ‘അവന്റെ സത്യസന്ധതയ്ക്ക് മുന്നില്‍ സ്വത്ത് ഒന്നുമല്ല’ എന്നാണ് തന്റെ ദാനപ്രവൃത്തിയെ കുറിച്ച്‌ ഈ വീട്ടമ്മ പറയുന്നത്. റിക്ഷ ഉടമയായ ബുദ്ധ സമാലിന് അമ്ബത് വയസുണ്ടെങ്കിലും അവനും ഭാര്യയും തന്നെ അമ്മ എന്നാണ് വിളിക്കുന്നത്. പോരാത്തതിന് അവരുടെ മക്കള്‍ അമ്മൂമ്മയെന്നും വിളിക്കുന്നു, അവരുടെ ലാളിത്യവും സത്യസന്ധതയും താരതമ്യം ചെയ്യുമ്ബോള്‍ തന്റെ സ്വത്ത് ഒന്നുമല്ലെന്നും മതാനി പട്നായിക്ക് കൂട്ടിച്ചേര്‍ക്കുന്നു.

എഞ്ചിനീയറായിരുന്ന മതാനിയുടെ ഭര്‍ത്താവ് കഴിഞ്ഞ വര്‍ഷം ജൂലായില്‍ കാന്‍സര്‍ ബാധിച്ച്‌ മരണപ്പെടുകയായിരുന്നു. ഇവരുടെ ഏക മകളായ കമല്‍ ഈ വര്‍ഷം ആദ്യം ഹൃദയാഘാതം മൂലം മരണപ്പെട്ടതോടെയാണ് മതാനി ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയത്. പിന്നീട് ഇവരുടെ എല്ലാമെല്ലാമായി ബുദ്ധ സമാലിന്റെ കുടുംബം മാറുകയായിരുന്നു. കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷമായി കുടുംബവുമായി ബന്ധമുള്ള ബുദ്ധ സമാലായിരുന്നു മതാനിയുടെ മകളെ സ്‌കൂളില്‍ കൊണ്ടു പോയിരുന്നത്. താന്‍ സ്വത്ത് കൈമാറ്റം ചെയ്യുന്നതില്‍ സഹോദരങ്ങള്‍ക്ക് കുറച്ച്‌ നീരസം ഉണ്ടായിരുന്നെങ്കിലും താന്‍ ഉറച്ചുനിന്നതിനാല്‍ അവര്‍ എതിര്‍ത്തിരുന്നില്ലെന്ന് മതാനി പറയുന്നു.