കേരളത്തിലേക്ക് കുറുവസംഘത്തിലെ ഏറ്റവും ആക്രമണകാരികൾ;കൊന്നും മോഷ്‌ടിക്കുന്നവർ

0
72

രണ്ടു മാസമായി കേരളത്തിന്റെ ഉറക്കം കെടുത്തുന്ന കുറുവ സംഘത്തിലെ മോഷ്ടാക്കൾക്ക് കേരളത്തിലെ ഗ്രാമങ്ങളിൽ സ്ഥിരം ഇടത്താവളങ്ങളും സഹായികളും ഉണ്ടെന്നാണ് പൊലീസ് ഇന്റലിജൻസ് നൽകുന്ന വിവരം. അർധരാത്രിയിൽ വീടിന്റെ വാതിൽ തകർത്തു വീട്ടുകാരെ ആക്രമിച്ചു കവർച്ച നടത്തുന്ന കുറുവാ സംഘത്തെക്കുറിച്ചുള്ള കഥകൾ കേട്ടു ഭയന്നിരിക്കുകയാണ് കേരളം.

കേരള–തമിഴ്നാട് അതിർത്തി ഗ്രാമങ്ങളിൽ മാത്രമല്ല, മലബാറിലെ ഉൾഗ്രാമങ്ങളിൽ വരെ നടന്ന ഒട്ടേറെ മോഷണങ്ങളിൽ കുറുവാ സംഘത്തിന്റെ സാന്നിധ്യം പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പാലക്കാട്, കോഴിക്കോട് ജില്ലകളിൽ മോഷണം നടത്തിയ മൂന്നംഗ സംഘം പൊലീസിന്റെ പിടിയിലാവുകയും ചെയ്തു. മോഷ്ടാക്കൾക്ക് കേരളത്തിലെ പല ഗ്രാമങ്ങളിലും സഹായികളുണ്ടെന്നും പൊലീസ് പറയുന്നു.

പല തിരുട്ടുഗ്രാമങ്ങൾ, ഒരു കുറുവ സംഘം

കേരളത്തെ ഇപ്പോൾ ഭയപ്പെടുത്തുന്ന കുറുവാ സംഘം പഴയ തിരുട്ടുഗ്രാമത്തിലെ അംഗങ്ങൾ തന്നെയാണ്. എന്നാൽ എല്ലാവരും ഒരേ ഗ്രാമക്കാരല്ല. തിരുട്ടുഗ്രാമങ്ങൾ എന്ന പേരിൽ കുപ്രസിദ്ധമായ തമിഴ്നാട്ടിലെ പല ഗ്രാമങ്ങളിൽനിന്നുള്ളവർ ഈ സംഘത്തിലുണ്ട്. തിരുട്ടുഗ്രാമം എന്ന പേരിൽ ആദ്യം അറിയപ്പെട്ടിരുന്നത് തിരുച്ചിറപ്പള്ളിയ്ക്കടുത്ത റാംജിനഗർ ആണ്.

ആന്ധ്രപ്രദേശിലെ കുറുവ സമുദായത്തിൽ നിന്നുള്ളവരായിരുന്നു ഈ ഗ്രാമത്തിലെ മോഷ്ടാക്കൾ. റാംജിനഗറിനു പിന്നാലെ ശിവഗംഗ, പനവടലിഛത്രം, മധുരയ്ക്കടുത്ത ചില ഗ്രാമങ്ങൾ തുടങ്ങിയവയും ഈ പട്ടികയിലേക്കു വന്നു. തിരുട്ടുഗ്രാമമെന്ന നാണക്കേടു ഭയന്നു പനവടലിഛത്രത്തിലെ പുതുതലമുറ ഇനി മോഷണം നടത്തില്ലെന്നു പരസ്യമായി പ്രതി‍ജ്ഞ വരെയെടുത്തു.

പക്ഷേ തിരുട്ടുഗ്രാമങ്ങൾക്ക് തമിഴ്നാട്ടിൽ തുടർച്ചകളുണ്ടായി. അത്തരം പല ഗ്രാമങ്ങളിൽനിന്നുള്ളവർ കുറുവാ സംഘത്തിലുണ്ട്. ആദ്യ തിരുട്ടുഗ്രാമമായ റാംജിനഗറിലെ മോഷ്ടാക്കളെ ഓർമിപ്പിക്കുന്നതാണ് കുറുവാ സംഘമെന്ന പേര്. എന്നാൽ ആയുധധാരികളായ സംഘം എന്ന അർഥത്തിലാണ് തമിഴ്നാട് ഇന്റലിജൻസ് ഈ പേര് നൽകിയത്. തമിഴ്നാടൻ തിരുട്ടുഗ്രാമങ്ങളിലെ ഏറ്റവും അപകടകാരികളായ മോഷ്ടാക്കളുടെ കൂട്ടമാണ് കുറുവാ സംഘമെന്ന് പൊലീസ് പറയുന്നു–മോഷ്ടിക്കാനായി കൊല്ലാൻ പോലും മടിയില്ലാത്തവരുടെ കൂട്ടം.

പാലക്കാട് അൻപതോളം കേസുകൾ

വീടിന്റെ പിൻവാതിൽ തകർത്ത് അകത്തുകയറി മോഷ്ടിച്ചു മുങ്ങുന്നതാണ് കുറുവാ കള്ളൻമാരുടെ ശീലം. എന്നാൽ മോഷണശ്രമത്തിനിടെ വീട്ടുകാർ ഉണർന്നാൽ ആക്രമിക്കും. കോഴിക്കോട് ജില്ലയിലെ എലത്തൂരിൽ വീട്ടമ്മയെ കത്തിമുനയിൽ നിർത്തിയാണ് കമ്മൽ ഊരിയെടുത്തത്. എണ്ണതേച്ചു മുഖംമൂടി ധരിച്ച് രാത്രിയിൽ വീടുകളിലെത്തുന്ന മോഷ്ടാക്കളുടെ കയ്യിൽ കമ്പിവടിയും വാളും ഉൾപ്പെടെയുള്ള ആയുധങ്ങൾ ഉണ്ടാവും. കുറുവ സംഘം ആയോധന കലകളിൽ പയറ്റിത്തെളിഞ്ഞവരാണ് എന്നു പൊലീസ് പറയുന്നു.

ആക്രിക്കച്ചവടവും മറ്റുമായി ഈ സംഘം പകൽ സമയങ്ങളിൽ നമുക്കു മുന്നിലൂടെ കടന്നു പോവും. ഇത്തരത്തിൽ സ്ഥലം കണ്ടെത്തി ആസൂത്രണത്തിനു ശേഷം രാത്രിയിലാണു കവർച്ചയ്ക്ക് എത്തുക. പാലക്കാട് ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി ഇവരുടെ പേരിൽ അൻപതോളം കേസുകൾ ഉണ്ട്.

ഓരോ മോഷണം നടത്തുമ്പോഴും ഇതിന്റെ വിവരങ്ങളും ആരെങ്കിലും പിടിയിലായിട്ടുണ്ടെങ്കിൽ ആ വിവരവും അപ്പപ്പോൾ ഗ്രാമത്തിലേക്ക്‌ കൈമാറും. അവിടെനിന്നും ഇടപെടലുകൾ നടത്തിയാണ്‌ നിയമ സഹായമുൾപ്പെടെ നൽകുക. കവർച്ച നടത്തി ലഭിക്കുന്ന വരുമാനത്തിന്റെ നിശ്ചിതവിഹിതം ഗ്രാമ മൂപ്പനെ ഏൽപ്പിക്കണം. ഈ തുക ഉപയോഗിച്ചാണ്‌ കവർച്ചയ്ക്കിടെ ജയിലിലാകുന്ന കുടുംബങ്ങളെ സഹായിക്കുന്നത്.

തിരുട്ടുഗ്രാമത്തിന്റെ കേരള ‘ബ്രാഞ്ചുകൾ’

പാലക്കാട്, കോഴിക്കോട് ജില്ലകളിലെ മോഷണക്കേസുകളിൽ പിടിയിലായ കുറുവാ സംഘത്തിലെ തങ്കപാണ്ഡ്യൻ വർഷങ്ങളായി തലക്കുളത്തൂർ എടക്കരയിലെ താമസക്കാരനാണ്. പുതിയങ്ങാടിയിലെ ആക്രിക്കടയിലായിരുന്നു ജോലി. ഒപ്പം പിടിയിലായ മാരിമുത്തുവും സെൽവി പാണ്ഡ്യനും കോഴിക്കോട് എത്തിയാൽ താമസം തങ്കപാണ്ഡ്യന്റെ ഒപ്പം. ആക്രി പെറുക്കാനെന്ന പേരിൽ പകൽ കറങ്ങി നടക്കുന്ന തങ്കപാണ്ഡ്യനാണ് മോഷണം നടത്താനുള്ള വീടുകൾ കണ്ടെത്തുന്നത്. കുറുവാസംഘം മോഷണത്തിന് എത്തും മുൻപ് ഈ വീടുകളിൽ ഒരു വട്ടം കൂടി പകൽ സന്ദർശനം നടത്തും. പദ്ധതിക്ക് അന്തിമരൂപം തയാറാക്കും.

കോഴിക്കോട് പിടിയിലായ സെൽവി പാണ്ഡ്യൻ മോഷണം നടക്കുന്നതിനു മുൻപുള്ള ദിവസങ്ങളിൽ വീടുകളിൽ വിറകുവെട്ടാനെന്ന പേരിൽ എത്തിയിരുന്നു. തലക്കുളത്തുരിൽ തങ്കപാണ്ഡ്യൻ എന്ന പോലെ കേരളത്തിലെ പല ഗ്രാമങ്ങളിലും കുറുവാ സംഘത്തിന് സഹായികളുണ്ടെന്നു പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇടയ്ക്ക് തമിഴ്നാട്ടിൽനിന്ന് മോഷണത്തിനെത്തുന്ന കുറുവാസംഘത്തിന് ഇടത്താവളമൊരുക്കുക മാത്രമല്ല, മോഷണം നടത്താനുളള വീടുകളുടെ വിവരങ്ങളും ഇവർ കൈമാറും. രാത്രിയിൽ മോഷണത്തിന് സഹായികളുടെ റോളിൽ ഇവരുണ്ടാകും. വിവിധ ജില്ലകളിലെ ഇത്തരം സഹായികളുടെ വിവരങ്ങൾ ശേഖരിച്ചുവരികയാണ് പൊലീസ്.

കൊല്ലാനും മടിക്കാത്ത ശിവഗംഗക്കാർ

തമിഴ്നാട്ടിലെ വിവിധ തിരുട്ടുഗ്രാമങ്ങളിൽനിന്നുള്ളവർ കുറുവാ സംഘത്തിൽ ഉണ്ടെങ്കിലും നേതൃത്വം നൽകുന്നത് ശിവഗംഗ ഗ്രാമത്തിൽ ഉള്ളവരാണെന്ന് പൊലീസ് പറയുന്നു. മോഷ്ടാക്കളുടെ കേന്ദ്രമായ ശിവഗംഗയിൽ വിവിധ മോഷണക്കേസുകളിൽ പ്രതിയായ രണ്ടായിരത്തോളം പേരുണ്ടെന്നാണ് തമിഴ്നാട് പൊലീസിന്റെ കണക്ക്. കോട്ടയം, ഇടുക്കി, തൃശൂർ ജില്ലകളിലെ പല കവർച്ചകൾക്കു പിന്നിലും ശിവഗംഗ സ്വദേശികളാണ് എന്നു കേരള പൊലീസും കണ്ടെത്തിയിരുന്നു.

തമിഴ്നാട്ടിലെ തിരുട്ടുഗ്രാമം സംഘങ്ങളുടേതു പോലെയല്ല ശിവഗംഗയിലെ മോഷ്ടാക്കളുടെ രീതി. അവർ കൊന്നും മോഷ്ടിക്കും. ശിവഗംഗയിലെ മോഷ്ടാക്കളിൽ ഏറ്റവും ആക്രമണകാരികളായ ചിലരാണ് കേരളത്തിലേക്കു കടന്ന കുറുവാ സംഘത്തിലുള്ളത് എന്നാണ് തമിഴ്നാട് ഇന്റലിജൻസ് കേരള പൊലീസിനു കൈമാറിയ വിവരം. ‘ഐആർഎട്ട്’ എന്നു വിളിപ്പേരുള്ള മാരിമുത്തു ശിവഗംഗയിലെ പ്രധാന മോഷ്ടാവാണെന്നും പൊലീസ് പറയുന്നു.

കേരളത്തെ കവരുന്ന തിരുട്ട്ഗ്രാമങ്ങൾ

തമിഴ്നാട്ടിൽ മാത്രമല്ല, മറ്റു സംസ്ഥാനങ്ങളിലും മോഷ്ടാക്കളുടെ കേന്ദ്രമായ ഗ്രാമങ്ങളുണ്ട്. ആ ഗ്രാമങ്ങളിലെല്ലാം കേരളത്തിലെ വിവിധ കേസുകളിലെ പ്രതികളുമുണ്ട്. ബംഗാളിലെ ജലാംഗി, ജാർഖണ്ഡിലെ ജംതാര, ഹരിയാനയിലെ ഷിക്കാർപുർ എന്നിവ പേരുകേട്ട തിരുട്ടുഗ്രാമങ്ങളാണ്. ബംഗാളിലെ ‘തിരുട്ടുഗ്രാമ’മായ ജലാംഗിയിൽ നന്നുള്ള മോഷ്‌ടാക്കൾ കൂട്ടത്തോടെ കേരളത്തിലെത്തി മോഷണം നടത്തിയിരുന്നതായി നേരത്തേ പൊലീസ് കണ്ടെത്തിയിരുന്നു. ഇക്കൂട്ടത്തിൽ ബംഗ്ലദേശികളും ഉണ്ടെന്നാണു നിഗമനം.

ബംഗാളിലെ മുർഷിദാബാദ് ജില്ലയിൽ ഉൾപ്പെട്ട പ്രദേശമാണു ജലാംഗി. കേരളത്തിൽ ജോലി ചെയ്യുന്ന ബംഗാളികളിൽ ഒട്ടേറെ മുർഷിദാബാദ് സ്വദേശികളുണ്ട്. കേരളത്തിന്റെ മെച്ചപ്പെട്ട സാമ്പത്തികാവസ്‌ഥയും എല്ലാ വീടുകളിലും സ്വർണം ഉണ്ടാകും എന്നതുമാണു കള്ളന്മാരെ ആകർഷിക്കുന്നതെന്നു പൊലീസ് കരുതുന്നു. നാലു വർഷം മുൻപ് കണ്ണൂരിൽ ദമ്പതികളെ കെട്ടിയിട്ട് കവർച്ച നടത്തിയ സംഘവും ബംഗാളിൽ നിന്നുള്ളവരായിരുന്നു. റെയിൽവേ ട്രാക്കുകൾക്ക് സമീപത്തെ വീടുകളായിരുന്നു ഇവർ ലക്ഷ്യമിട്ടിരുന്നത്.

സൈബർ മോഷ്‌ടാക്കളുടെ ജംതാര

കേരളം ഉൾപ്പെടെ 14 സംസ്ഥാനങ്ങളിലെ ബാങ്ക് അക്കൗണ്ട് ഉടമകളെ കബളിപ്പിച്ചു കോടികൾ കവർന്ന ജാർഖണ്ഡിലെ ഓൺലൈൻ തട്ടിപ്പുകാരുടെ കേന്ദ്രം റാഞ്ചിക്കടുത്ത ജംതാര എന്ന ഗ്രാമമായിരുന്നു. ബിപിഎൽ കാർഡ് ഉടമകളായ 90 പേർ 3 വർഷത്തിനുള്ളിൽ ലക്ഷാധിപതികളായതിനെക്കുറിച്ചു നടത്തിയ അന്വേഷണത്തിലാണ് പണമെത്തിയത് സൈബർ തട്ടിപ്പിലൂടെയാണെന്നു തെളിഞ്ഞത്. പണം നഷ്ടമായവരിൽ ഏറെയും മലയാളികൾ ആയിരുന്നു. 2018–19 വർഷങ്ങളിൽ മാത്രം വിവിധ സംസ്ഥാനങ്ങളിലെ അന്വേഷണ സംഘങ്ങൾ സംസ്ഥാന പൊലീസിന്റെ സഹായത്തോടെ ജംതാരയിൽനിന്നു 120 സൈബർ മോഷ്ടാക്കളെയാണ് അറസ്റ്റ് ചെയ്തത്.

വെടിവച്ചു കൊല്ലുന്ന ഷിക്കാർപുർ

2017ൽ കേരളത്തിൽ എടിഎം കവർച്ച നടത്തിയ പ്രതികൾ ഹരിയാനയിലെ തിരുട്ടുഗ്രാമമായ ഷിക്കാർപുരിൽനിന്നുള്ളവരായിരുന്നു. എരുമയെ മോഷ്ടിച്ച പരാതി അന്വേഷിക്കാൻ എത്തിയ പൊലീസ് കോൺസ്റ്റബിളിനെ ഗ്രാമവാസികൾ വെടിവച്ചു കൊന്ന ഗ്രാമമാണ് ഷിക്കാർപൂർ. അവിടുത്തെ പുതിയ തലമുറ എടിഎം കവർച്ചയിലേക്കു കളം മാറിയെങ്കിലും ഗ്രാമവാസികളുടെ സ്വഭാവത്തിനു മാറ്റമൊന്നുമില്ല. ഗ്രാമത്തിലുള്ളവരെ പിടിക്കാൻ പൊലീസ് എത്തിയാൽ ആക്രമിക്കും. ഹരിയാന പൊലീസിലെ സായുധരായ 80 കമാൻഡോകളുടെ അകമ്പടിയോടെയാണു കേരള പൊലീസ് സംഘം ഷിക്കാർപുരിലെ ഗലികളിൽ എത്തി മോഷ്ടാക്കളെ അന്നു പിടികൂടിയത്.

ന്യൂഡൽഹിയിൽനിന്ന് 200 കിലോമീറ്റർ അകലെ ഹരിയാന, രാജസ്ഥാൻ സംസ്ഥാനങ്ങളുടെ അതിർത്തിയിലാണ് ഈ ‘തിരുട്ടുഗ്രാമം’. ഭൂരിപക്ഷം പേർക്കും അടിസ്ഥാന വിദ്യാഭ്യാസമില്ല. എന്നാൽ, മറ്റെല്ലാ കാര്യത്തിലും ഷിക്കാർപുർകാർ മിടുക്കരാണ്. ഉത്തരേന്ത്യയിൽ എവിടെ കുറ്റകൃത്യം നടന്നാലും അതിൽ ഷിക്കാർപുർ സ്വദേശിയുണ്ടാകുമത്രെ. എടിഎമ്മുകളിൽ നിന്നു തീപിടിക്കാതെ നോട്ട് ഗ്യാസ് കട്ടർ ഉപയോഗിച്ച് എടുക്കുന്ന വിദ്യയും ആദ്യം സ്വായത്തമാക്കിയത് ഇവർ തന്നെ!

കയ്യിൽ പിസ്റ്റളുമായാണ് ഇവർ സഞ്ചരിക്കുന്നതെന്നും പൊലീസ് പറയുന്നു. ഗ്രാമത്തിൽ പ്രവേശിക്കുന്ന ആരെയും ആദ്യം പരിശോധനയ്ക്കു വിധേയമാക്കും. ചെറിയ തർക്കം പോലും കൊലപാതകത്തിൽ എത്തുമെന്നതിനാൽ പലപ്പോഴും പൊലീസ് ഇങ്ങോട്ട് പ്രവേശിക്കില്ല. മോഷണമുതലുകൾ കൈമാറ്റം ചെയ്യാനും കുറ്റവാളികൾക്ക് അഭയം നൽകാനും ഷിക്കാർപുരിൽ സൗകര്യങ്ങളുണ്ട്. ഈ തിരുട്ടുഗ്രാമങ്ങളിലെ അംഗങ്ങൾ പല കാലങ്ങളിൽ കേരളത്തിൽ സാന്നിധ്യമറിയിച്ചിട്ടുണ്ട്. മലയാളിയുടെ സമ്പത്ത് പല രീതിയിൽ കൈക്കലാക്കിയ ഈ ഗ്രാമവാസികൾക്ക്, പക്ഷേ കുറുവാ സംഘത്തിന്റേതു പോലെ കേരളത്തിൽ സഹായികൾ ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടില്ല.