വാഹന പരിശോധനക്കിടെ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം

0
65

ചേർത്തലയിൽ വാഹന പരിശോധനക്കിടെ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം. ഹൈവേ പെട്രോൾ സബ് ഇൻസ്‌പെക്ടർ ജോസി സ്റ്റീഫനെയാണ് വാഹനത്തിലെത്തിയ മൂന്നംഗ സംഘം മർദിച്ചത്.നിർത്താതെ പോയ ജീപ്പ് തടഞ്ഞപ്പോഴാണ് എസ് ഐയെ സൈനികൻ ഉൾപ്പെട്ട സംഘം മർദ്ദിച്ചത്. ദേശീയപാതയിൽ ചേർത്തല ഹൈവേ പാലത്തിന് സമീപം ആയിരുന്നു സംഭവം.കൊല്ലത്ത് നിന്ന് എറണാകുളത്തേയ്ക്ക് യാത്ര ചെയ്യുകയായിരുന്ന സംഘം കായംകുളം മുതൽ ബഹളം വച്ചാണ് യാത്ര ചെയ്തിരുന്നത്. തുറന്ന വാഹനത്തിൽ മദ്യപിച്ച്‌ ബഹളമുണ്ടാക്കി വന്ന ഇവർ പലയിടത്തും നാട്ടുകാരോടും മറ്റ് വാഹനങ്ങളിലെ യാത്രക്കാരുടും മോശമായി പെരുമാറി. ഇതേതുടർന്ന് നാട്ടുകാർ പൊലീസിൽ പരാതിപ്പെട്ടതോടെ ഹൈവെ പെട്രോളിംഗ് സംഘം തെരച്ചിൽ തുടങ്ങി.ആലപ്പുഴയിൽ നിന്ന് സംഘത്തെ പിടികൂടാൻ കഴിയാഞ്ഞതിനെതുടർന്നാണ് ചേർത്തലയിൽ ഇവർക്കായി പൊലീസ് വാഹന പരിശോധന നടത്തിയത്. വാഹനം കണ്ടെത്തി തടഞ്ഞെങ്കിലും പ്രതികൾ പൊലീസിനോട് മോശമായി പെരുമാറുകയും തട്ടിക്കയറുകയുമായിരുന്നു. വണ്ടി കസ്റ്റഡിയിൽ എടുക്കാൻ ശ്രമിച്ചപ്പോഴാണ് മദ്യലഹരിയിലായിരുന്ന സംഘം എസ്‌ഐയെ മർദ്ദിച്ചത്. പരുക്കേറ്റ എസ്‌ഐയെ ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി. ജീപ്പിലുണ്ടായിരുന്ന കൊട്ടാരക്കര സ്വദേശി വിപിൻ രാജൻ, കൊല്ലം സ്വദേശിയും സൈനികനുമായ ജോബിൻ ബേബി, ഷെമീർ മുഹമ്മദ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.