പാലക്കാട് ശ്രീകൃഷ്ണപുരത്ത് വ്യാജ ലോട്ടറി വില്‍പന നടത്തുന്ന സംഘം പിടിയില്‍. ധനലക്ഷ്മി ലോട്ടറി ഏജന്‍സിയില്‍ നടത്തിയ റെയ്ഡില്‍ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.ഓണ്‍ലൈന്‍ വഴിയാണ് വ്യാജലോട്ടറിയുടെ വില്‍പന നടത്തിയിരുന്നത്. നേരത്തെ, പാലക്കാട് ജില്ലയില്‍ വ്യാജ ലോട്ടറി സംഘം വ്യാപകമാണെന്ന വാര്‍ത്ത പുറത്തുകൊണ്ട് വന്നിരുന്നു. വ്യാജ ലോട്ടറി വില്‍പന സംഘം ജില്ലയില്‍ വ്യാപകമായി പ്രവര്‍ത്തിക്കുന്നുവെന്ന വാര്‍ത്ത പുറത്തു വിട്ടതിന് പിന്നാലെ പൊലീസ് നിരീക്ഷണം കര്ശനമാക്കിയിരുന്നു. തുടര്‍ന്നാണ് ശ്രീകൃഷ്ണപുരം ഗവണ്‍മെന്‍റ് ആശുപത്രിക്ക് മുന്നിലുള്ള ധനലക്ഷ്മി ലോട്ടറി വില്‍പന കേന്ദ്രത്തില്‍ പൊലീസ് റെയ്ഡ് നടത്തിയത്. ഇവിടെ നിന്നും വ്യാജ ലോട്ടറി വില്‍പനക്കായി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്തു.ഓണ്‍ലൈന്‍ വഴി മൂന്നക്ക നമ്പർ ആവശ്യക്കാര്‍ക്ക് അയച്ചു നല്‍കുന്നതായിരുന്നു രീതി. സംസ്ഥാന ലോട്ടറിയുടെ നമ്പറിലെ അവസാനത്തെ മൂന്നക്ക നമ്പറാണ് നല്‍കിയിരുന്നത്. പത്ത് രൂപക്കാണ് ആവശ്യക്കാര്‍ക്ക് ലോട്ടറി വില്‍പന നടത്തുന്നത്. ഓടന്‍പാറ വീട്ടില്‍ മുരളി, കുളക്കാട് സ്വദേശി ഹരിശങ്കര്‍ എന്നിവരെ അറസ്റ്റ് ചെയ്തു. ലക്ഷക്കണക്കിന് രൂപയുടെ വ്യാജ ലോട്ടറിയാണ് ദിവസേന വിറ്റിരുന്നത്.കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. വ്യാജ ലോട്ടറി വില്‍പന നടത്തുന്ന കൂടുതല്‍ കേന്ദ്രങ്ങളെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വന്‍മാഫിയ ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.