സംസ്ഥാനത്ത് കോവിഡ് കേസുകൾ ഗണ്യമായി കുറഞ്ഞതിന് പിന്നാലെ കേരളം –തമിഴ്നാട് അതിർത്തികളിൽ പരിശോധന കുറച്ചു. വാളയാർ അടക്കമുള്ള എല്ലാ ചെക്ക്പോസ്റ്റുകളിലും തമിഴ്നാട് പൊലീസുണ്ടെങ്കിലും പരിശോധന കുറഞ്ഞു.
രണ്ട് ഡോസ് വാക്‌സിനും തമിഴ്നാട് പോർട്ടലിൽനിന്ന് ലഭിച്ച പാസും ഉള്ളവർക്ക് മാത്രമേ ഒരു മാസം മുമ്പ് വരെ പ്രവേശനം നൽകിയിരുന്നുള്ളു.
ഒരു ഡോസ് വാക്സിൻ എടുത്തവർക്കും വാക്സിൻ എടുക്കാത്തവർക്കും ആർടിപിസിആർ പരിശോധന ഫലം നിർബന്ധവുമായിരുന്നു. നിയന്ത്രണം ഒഴിവാക്കിയുള്ള ഉത്തരവ് തമിഴ്നാട് ഇറക്കിയിട്ടില്ലെങ്കിലും കാര്യമായ പരിശോധന വേണ്ടെന്ന് നിർദേശം നൽകിയിട്ടുണ്ട്. പഠനത്തിനും ജോലിക്കും തമിഴ്നാടിനെ ആശ്രയിക്കുന്നവർക്ക് ഏറെ ആശ്വാസം നൽകുന്നതാണ് തീരുമാനം.
കേരളത്തിൽ പ്രതിദിന കോവിഡ് കേസുകൾ കുറഞ്ഞതോടെയാണ് തമിഴ്നാടിന്റെ തീരുമാനം.
കേരളവും പരിശോധനയിൽ ഇളവ് അനുവദിച്ചിട്ടുണ്ട്. കേരളത്തിന്റെ കോവിഡ് പോർട്ടലിൽ രജിസ്റ്റർ ചെയ്തവർക്ക് മാത്രമാണ് ഇതുവരെ പ്രവേശനം അനുവദിച്ചിരുന്നത്. എന്നാൽ നിലവിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്ന കർശന പരിശോധനയില്ല. ദീപാവലി ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ നിരവധി മലയാളികളാണ് തമിഴ്നാട് അതിർത്തി കടന്നത്. ഇതിന് തടസ്സം വരാതിരിക്കാനുമാണ് നിയന്ത്രണങ്ങൾ കുറച്ചത്.
നിയന്ത്രണങ്ങൾ കുറച്ചതോടെ അന്തർസംസ്ഥാന ബസ് സർവീസിന് അനുമതി നൽകണമെന്ന ആവശ്യവും ശക്തമായി. ഒന്നര വർഷത്തിലേറെയായി തമിഴ്‌നാട്ടിലേക്കുള്ള കെഎസ്‌ആർടിസി സർവീസ് മുടങ്ങിയിട്ട്. ആയിരക്കണക്കിനു വിദ്യാർഥികൾ, തൊഴിലാളികൾ എന്നിവർ ആശ്രയിച്ചിരുന്ന ബസ് സർവീസാണ് അനുമതി കാത്ത് കിടക്കുന്നത്.
കേരളത്തിൽ നിന്നുള്ള സ്വകാര്യ, കെഎസ്ആർടിസി ബസുകൾ അതിർത്തിയിൽ ആളുകളെ ഇറക്കി തിരിച്ചുവരികയാണ്.