കെഎസ്‌ആർടിസി ബസ്‌ വെയ്റ്റിങ് ഷെഡിലേക്ക് ഇടിച്ചുകയറി; കുട്ടികളടക്കം ആറുപേര്‍ക്ക് പരിക്ക്‌

0
80

തിരുവനന്തപുരം ആര്യനാട് ഈഞ്ചപുരിയിൽ കെഎസ്ആർടിസി ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് ഇടിച്ചു കയറി നിരവധി പേർക്ക് പരിക്ക്. രാവിലെ എട്ടരക്കായിരുന്നു സംഭവം.

ആര്യനാട് ഈഞ്ചപുരി ചെറുമഞ്ചൽ ജങ്ഷനിലെ കൊടും വളവിൽ ആണ് അപകടം ഉണ്ടായത്. കാത്തിരിപ്പു കേന്ദ്രത്തിലേക്കാണ് ഇടിച്ചു കയറിയത്. അഞ്ച് വിദ്യാർഥികൾക്കും യാത്രക്കാർക്കുമാണ് പരിക്കേറ്റത്. കോൺക്രീറ്റ് മേൽക്കൂര തകർന്ന് വീണെങ്കിലും സമീപത്തെ ടിവി കിയോസ്കിൽ തട്ടി നിന്നതിനാൽ വൻ അപകടം ഒഴിവായി.

കുട്ടികളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. യാത്രക്കാരിലൊരാൾക്ക് ഗുരുതര പരിക്കേറ്റതായും വിവരമുണ്ട്. പരിക്കേറ്റവരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം മെഡിക്കൽ കോളേജിലേക്ക് മാറ്റി. നിയന്ത്രണം വിട്ട ബസ് കാത്തിരിപ്പു കേന്ദ്രത്തിലിടിച്ചപ്പോൾ മേൽക്കൂര തകർന്ന് വീഴുകയായിരുന്നു. പാങ്കാവിൽ നിന്ന് നെടുമങ്ങാടേക്ക് പോകുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.