പൊതുനിരത്തിൽ ഇരുട്ടിന്റെ മറവിൽ മാലിന്യം തള്ളിയ ആളെ കുടുക്കി സ്വന്തം പഴ്സ്

0
66

ഉപേക്ഷിച്ച മാലിന്യത്തിനൊപ്പം പഴ്സും ഉൾപ്പെട്ടതോടെ രണ്ടായിരം രൂപ പിഴ. സത്യസന്ധതയോടെ പഴ്സ് തിരിച്ചേൽപ്പിച്ച ശുചീകരണ വിഭാ​ഗം ജീവനക്കാർക്ക് കോർപറേഷന്റെ അഭിനന്ദനവും.

എണ്ണായിരത്തോളം രൂപയും പ്രധാന രേഖകളുമാണ് പഴ്സിലുണ്ടായത്. പൂഞ്ഞാർ സ്വദേശിയായി വ്യക്തിയെയാണ് സ്വന്തം പഴ്സ് തന്നെ കുടുക്കിയത്. കിള്ളിപ്പാലം ബണ്ട് റോഡിലാണ് ഇയാൾ മാലിന്യം തള്ളിയത്. ഇവിടെ മാലിന്യം തള്ളുന്നത് തടയാൻ രാത്രി 8 മുതൽ പുലർച്ചെ 6 വരെയാണ് ജീവനക്കാരുടെ ഡ്യൂട്ടി.

28ന് പുലർച്ചെെയാണ് ആറ്റുകാൽ പുതിയ പാലത്തിനു സമീപം 2 ചാക്കുകളിലാക്കി മാലിന്യം തള്ളിയത് തൊഴിലാളികൾ കണ്ടെത്തിയത്. ഓഫിസ് ഉപയോഗശേഷമുള്ള പ്ലാസ്റ്റിക്കും പേപ്പറുകളുമായിരുന്നു ഇത്. തിരിച്ചറിയാൻ കഴിയാത്ത വിധം കീറി ചാക്കുകളിലാക്കിയിരുന്നു. ചാക്കിൽ പരിശോധന തുടർന്നപ്പോഴാണ് 7,780 രൂപ അടങ്ങിയ പഴ്സ് കണ്ടെത്തിയത്.

3 എടിഎം കാർഡുകളും ഡ്രൈവിങ് ലൈസൻസ്, പാൻ കാർഡ്, തിരിച്ചറിയൽ കാർഡ് എന്നിവയും പഴ്സിലുണ്ടായി. പഴ്സ് ജീവനക്കാർ കരമന ഹെൽത്ത് ഇൻസ്പെക്ടർ ആർ അനിൽ കുമാറിനു കൈമാറി. രേഖകളിലുള്ള പൂഞ്ഞാർ സ്വദേശിക്ക് 2000 രൂപയുടെ പിഴ നോട്ടിസും അയച്ചു. പിഴയൊടുക്കിയ രസീതുമായെത്തിയാൽ ആദ്യം ബോധവൽക്കരണം നൽകും. ഇതിന് ശേഷമാണ് പഴ്സ് തിരികെ നൽകുക.