കൊച്ചി അന്താരാഷ്​ട്ര വിമാനത്താവളത്തില്‍ ആഭ്യന്തര മേഖലയിലെ ശീതകാല ഷെഡ്യൂള്‍ പ്രഖ്യാപിച്ചു

0
53

കൊച്ചി അന്താരാഷ്​ട്ര വിമാനത്താവളത്തില്‍ ആഭ്യന്തര മേഖലയിലെ ശീതകാല ഷെഡ്യൂള്‍ പ്രഖ്യാപിച്ചു.ഒക്ടോബര്‍ 31 മുതല്‍ 2022 മാര്‍ച്ച്‌ 26 വരെ ആണ് ശീതകാല ഷെഡ്യൂള്‍ പ്രാബല്യത്തില്‍ ഉണ്ടാവുക. ഇതനുസരിച്ച്‌ പ്രതിവാരം 694 ആഭ്യന്തര ആഗമന-പുറപ്പെടല്‍ സര്‍വിസുകള്‍ കൊച്ചിയില്‍ നിന്നും ഉണ്ടാകും.

ഇന്‍ഡിഗോ എയര്‍ലൈന്‍സ് നടത്തുന്ന ഗോവ, തിരുവനന്തപുരം, കണ്ണൂര്‍ എന്നിവിടങ്ങളിലേക്കുള്ള പ്രതിദിന സര്‍വീസുകള്‍ പുനരാരംഭിക്കുന്നുണ്ട്. നിലവിലുള്ള വേനല്‍ക്കാല സമയപ്പട്ടികയില്‍ പ്രതിവാരം 456 വിമാന സര്‍വീസുകളാണ് കൈകാര്യം ചെയ്യുന്നത്.

ഗോവയിലേക്കുള്ള വിമാനം രാത്രി 11.10ന് കൊച്ചിയില്‍ നിന്ന് പുറപ്പെടും. കണ്ണൂരില്‍ നിന്ന് ഇന്‍ഡിഗോ സര്‍വീസ് നടത്തുന്ന എ.ടി.ആര്‍ വിമാനം 09.25-ന് കൊച്ചിയിലിറങ്ങി 09.45-ന് തിരുവനന്തപുരത്തേക്ക് പുറപ്പെടും. തിരുവനന്തപുരം-കൊച്ചി-കണ്ണൂര്‍ സെക്ടറില്‍ ഇന്‍ഡിഗോ മറ്റൊരു എ.ടി.ആര്‍ വിമാനം സര്‍വീസ് നടത്തും. ഇത് തിരുവനന്തപുരത്ത് നിന്ന് വൈകീട്ട്​ 6.25 ന് കൊച്ചിയില്‍ എത്തി 6.45 ന് കണ്ണൂരിലേക്ക് പുറപ്പെടും.

ബംഗളൂരുവിലേക്ക് പ്രതിദിനം 14 സര്‍വീസുകള്‍ ഉണ്ടാകും. ഡല്‍ഹി, ചെന്നൈ എന്നിവിടങ്ങളിലേക്ക് പ്രതിദിനം ആറ്​ വിമാനങ്ങള്‍ വീതവും ഹൈദരാബാദിലേക്കും മുംബൈയിലേക്കും ഏഴ്​ പ്രതിദിന സര്‍വീസുകളും നടത്തും. ഹൂബ്ലി, കൊല്‍ക്കത്ത, മൈസൂര്‍, പൂനെ തുടങ്ങിയ നഗരങ്ങളിലേക്കുള്ള സര്‍വീസുകളും വര്‍ധിപ്പിച്ചിട്ടുണ്ട്.

ഇന്‍ഡിഗോ എയര്‍ലൈന്‍സ് ആണ് കൊച്ചിയില്‍ നിന്ന് ഏറ്റവും അധികം സര്‍വീസുകള്‍ നടത്തുന്നത്. കൊച്ചിയില്‍ നിന്നുള്ള പ്രതിവാര സര്‍വീസുകള്‍ 172 ആയി ഇന്‍ഡിഗോ ഉയര്‍ത്തും. എയര്‍ഏഷ്യ, എയര്‍ ഇന്ത്യ, ഗോ എയര്‍ എന്നിവയും സര്‍വീസുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.