കോവിഡിന്റെ ആഘാതം: ഗിഫ്‌റ്റ്‌ പഠനം തുടങ്ങി

0
48

കോവിഡ്‌ രണ്ടാംവരവ്‌ സൃഷ്ടിച്ച പ്രതിസന്ധികളിൽ ഗുലാത്തി ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഫിനാൻസ്‌ ആൻഡ്‌ ടാക്‌സേഷന്റെ (ഗിഫ്‌റ്റ്‌)പഠനം തുടങ്ങി. രണ്ടാംതരംഗം സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ ഏൽപ്പിച്ച സാമ്പത്തിക–-സാമൂഹ്യ പ്രത്യാഘാതം, നേരിടാനുള്ള മാർഗങ്ങൾ, മറ്റു സംസ്ഥാനങ്ങളിലും നഗരങ്ങളിലെയും സർക്കാർ നടപടികളുടെ അവലോകനം എന്നിവയിൽ പഠനത്തിന്‌ സംസ്ഥാന സർക്കാരാണ്‌ ഗിഫ്‌റ്റിനെ ചുമതലപ്പെടുത്തിയത്‌‌.  ആവശ്യമായ‌ വിവരങ്ങൾ ജനങ്ങളിൽനിന്ന്‌ ശേഖരിക്കാൻ തുടങ്ങി. ഇതിനായി പ്രത്യേക ചോദ്യാവലിയും ഗിഫ്‌റ്റ്‌  തയ്യാറാക്കി.

കോവിഡ്‌ ആഘാതം തങ്ങൾ പ്രതിനിധാനം ചെയ്യുന്ന മേഖലയെ എങ്ങനെ ബാധിച്ചുവെന്നതിൽ വ്യക്തികൾക്കും സംഘടനകൾക്കും അഭിപ്രായം രേഖപ്പെടുത്താം. വിവിധ മേഖലയിലെ തൊഴിൽ ദിനങ്ങളിലെ കുറവ്‌, വരുമാനത്തിലെ ഇടിവ്‌, പ്രതിസന്ധിയിൽ കുടുംബത്തിനും സമൂഹത്തിനും നേരിടേണ്ടിവന്ന പ്രശ്‌നങ്ങൾ, ആശുപത്രി ചെലവുകൾ, വ്യക്തിയും കുടുംബവും പ്രതിസന്ധിയെ നേരിട്ട രീതി, സർക്കാരിന്റെ ഇടപെടലുകളും ക്ഷേമ പ്രവർത്തനങ്ങളും എത്രത്തോളം സഹായകരമായി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ക്ഷേമനിധി ബോർഡുകളുടെയും ഇടപെടലുകൾ, പ്രതിസന്ധിയിൽ സന്നദ്ധ, ഇതര സംഘടനകളുടെ പ്രവർത്തനം, നിലവിലെ പ്രതിസന്ധി മറികടക്കാനുള്ള നിർദേശങ്ങൾ തുടങ്ങിയവയിൽ അഭിപ്രായം നൽകാം. [email protected] എന്ന ഇ മെയിൽ വിലാസത്തിൽ നവംബർ പതിനഞ്ചിനകം‌ അഭിപ്രായങ്ങൾ അറിയിക്കാം.

കോവിഡ്‌ ഒന്നാംതരംഗത്തിന്റെ തുടർച്ചയായി രണ്ട്‌ വിദഗ്‌ധ സമിതിയെ നിയോഗിച്ചിരുന്നു. ഇവയുടെ റിപ്പോർട്ടിലെ ചെലവ്‌ ചുരുക്കൽ നിർദേശങ്ങൾ പരിഗണിച്ച്‌ ചെലവ്‌ നിയന്ത്രണ നിർദേശങ്ങൾ സർക്കാർ പുറപ്പെടുവിച്ചു. വിഭവ വർധനയ്‌ക്കുള്ള സമിതി ശുപാർശകളിൽ വിവിധ വകുപ്പുകൾ നടപടിയെടുക്കുന്നു.