സിനിമ തിയറ്ററിൽ തന്നെ പ്രദർശിപ്പിക്കണമെന്നാണ്‌ സർക്കാർ നിലപാട്‌: മന്ത്രി സജി ചെറിയാൻ

0
109

സിനിമ തിയറ്ററിൽ തന്നെ പ്രദർശിപ്പിക്കണമെന്നാണ് സർക്കാർ നിലപാടെന്ന്‌ മന്ത്രി സജി ചെറിയാൻ. തിയറ്ററുകൾ ഇല്ലാത്ത സമയത്താണ് ഒടിടിയെ ആശ്രയിച്ചത്‌. സിനിമകൾ ആദ്യം എത്തേണ്ടത്‌ തിയറ്ററിൽ തന്നെയാണ്‌. സർക്കാർ ഒടിടി പ്ലാറ്റ്‌ഫോമുമായി മുന്നോട്ട് പോകുന്നത്‌ പാവപ്പെട്ട കലാകാരൻമാരെ സഹായിക്കാനാണെന്നും മന്ത്രി സജി ചെറിയാൻ അറിയിച്ചു.

സിനിമാ മേഖലയിലെ പ്രതിസന്ധികളും പ്രശ്‌നങ്ങളും ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നവംബർ 2 ന് വീണ്ടും ചർച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു. മുഖ്യമന്ത്രിക്ക് ഒപ്പം നാല് വകുപ്പ് മന്ത്രിമാരും യോഗത്തിൽ പങ്കെടുക്കും. അടച്ചിട്ട തിയറ്ററുകൾ കഴിഞ്ഞ ദിവസമാണ് നിയന്ത്രണങ്ങളോടെ തുറന്ന് പ്രവർത്തിച്ച് തുടങ്ങിയത്. 50 ശതമാനം പേർക്ക് മാത്രമേ പ്രവേശനം നൽകുന്നുള്ളു. വാക്‌സീൻ എടുത്തവർക്കാണ് നിലവിൽ തിയറ്ററിനുള്ളിലേക്ക് പ്രവേശനം.