മത്സ്യബന്ധനയാനങ്ങളുടെ ഇൻഷുറൻസ്‌ വിഹിതം സർക്കാർ വഹിക്കും : സജി ചെറിയാൻ

0
68

സംസ്ഥാനത്തെ പരമ്പരാഗത മത്സ്യബന്ധനയാനങ്ങളുടെ ഇൻഷുറൻസ്‌ ഗുണഭോക്തൃ വിഹിതം അടുത്തവർഷംമുതൽ സർക്കാർ നൽകുമെന്ന്‌ ഫിഷറീസ്‌ മന്ത്രി സജി ചെറിയാൻ നിയമസഭയിൽ പറഞ്ഞു. നിലവിൽ പ്രീമിയത്തിന്റെ 90 ശതമാനം സർക്കാർ വിഹിതവും 10 ശതമാനം ഗുണഭോക്തൃവിഹിതവുമാണ്. എന്നിട്ടും മത്സ്യത്തൊഴിലാളികൾ പലരും ഇൻഷുറൻസെടുക്കുന്നില്ല. ഈ സാഹചര്യത്തിലാണ്‌ തീരുമാനമെന്ന്‌ മന്ത്രി പറഞ്ഞു. നിലവിൽ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഇൻഷുറൻസ്‌ ഗുണഭോക്തൃ വിഹിതം പൂർണമായും സർക്കാരാണ്‌ അടയ്ക്കുന്നത്‌. അപകടസാധ്യത കുറയ്ക്കുന്നതിന് മറൈൻ ഫൈബർ യാനങ്ങൾക്കു പകരം എഫ്ആർബി (ഫൈബർ റീ ഇൻഫോഴ്‌സ്‌ഡ്‌ പ്ലാസ്റ്റിക്‌ ബോട്ട്‌സ്‌) യാനങ്ങൾ നൽകാനാണ് ആലോചിക്കുന്നത്. ഇൻഷുറൻസ്‌ പരിരക്ഷയ്‌ക്കുവേണ്ടി രജിസ്ട്രേഷൻ നൽകുന്നതിന്റെ ഭാഗമായി സർവേ നടത്തും. ഇതിന്‌ വെബ്‌ പോർട്ടൽ സംവിധാനം ഏർപ്പെടുത്തി ആറു മാസത്തിനുള്ളിൽ നടപടി പൂർത്തീകരിക്കും.

മുൻ എൽഡിഎഫ്‌ സർക്കാർ മത്സ്യത്തൊഴിലാളികൾക്ക് 40,000 ലൈഫ് ജാക്കറ്റുകൾ വിതരണം ചെയ്‌തെങ്കിലും പലരും ധരിക്കുന്നില്ല. ഇവ ധരിക്കുന്നത് മീൻപിടിക്കുന്നതിന്‌ പ്രയാസകരമാണെന്നാണ് പറയുന്നത്. നിർബന്ധമായും  ധരിക്കാൻ നിർദേശിച്ചിട്ടുണ്ട്. ശിക്ഷാ നടപടിക്കു പകരം ബോധവൽക്കരണമാണ്‌ ആവശ്യം.

ഇൻഷുറൻസ് ആനുകൂല്യം ലഭിക്കുന്നതിന് കാലതാമസം നേരിടുന്നത്‌ ശ്രദ്ധയിലുണ്ട്. ജില്ലാ അടിസ്ഥാനത്തിൽ അദാലത്ത് സംഘടിപ്പിക്കാൻ ക്ഷേമനിധി ബോർഡിനെ ചുമതലപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു.

അശാസ്ത്രീയ മത്സ്യബന്ധനം: 35 യാനം പിടികൂടി
കേരളതീരത്ത് അശാസ്ത്രീയരീതിയിൽ മത്സ്യബന്ധനം നടത്തിയതിന് ഈ വർഷം 35 യാനങ്ങളെ പിടികൂടിയെന്ന് മന്ത്രി സജി ചെറിയാൻ. അനധികൃത രീതിയിലുള്ള മീൻപിടിത്തം കർശനമായി തടയും. 12 നോട്ടിക്കൽ മൈൽ പരിധിയിലാണ് സംസ്ഥാനത്തിന് ഇടപെടാൻ അധികാരമുള്ളത്. അതിനപ്പുറം നടക്കുന്ന അനധികൃത മത്സ്യബന്ധനങ്ങൾക്കെതിരെ നടപടിയെടുക്കുന്നതിൽ പരിമിതിയുണ്ട്. 108 ആംബുലൻസ്‌ മാതൃകയിൽ കടലിലെ രക്ഷാപ്രവർത്തന സംവിധാനത്തിന്റെ പദ്ധതി നിർദേശം കിട്ടിയിട്ടുണ്ട്. 690 മത്സ്യത്തൊഴിലാളികൾക്ക്‌  പ്രത്യേകം പരിശീലനവും നൽകി. അപകടങ്ങളിൽ അതിവേഗം സഹായമെത്തിക്കാനാണ്‌ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു