മുല്ലപ്പെരിയാർ അണക്കെട്ട്‌ ഡീ കമീഷൻ ചെയ്യണം: കേരളം സുപ്രീംകോടതിയിൽ

0
77

മുല്ലപ്പെരിയാർ അണക്കെട്ട്‌ ഡീകമീഷൻ ചെയ്‌ത്‌ പുതിയത്‌ നിർമിക്കുന്നതാകും യുക്തിഭദ്രമായ നടപടിയെന്ന്‌ കേരളം സുപ്രീംകോടതിയിൽ. കാലപ്പഴക്കം, വലിയ വൃഷ്ടിപ്രദേശം, പരിമിത സംഭരണശേഷി തുടങ്ങിയ കാരണങ്ങളാൽ അണക്കെട്ട്‌ വലിയ ഭീഷണിയാണ്‌ നേരിടുന്നത്‌. ഡാം നിർമിച്ച അവസരത്തിൽ ഭൂകമ്പസാധ്യത കണക്കിലെടുത്തിട്ടില്ലെന്നും കേരളം അറിയിച്ചു.

126 വർഷം പഴക്കമുള്ള ഡാമിലെ ജലനിരപ്പ്‌ 136ൽനിന്ന്‌ 142 അടിയായി ഉയർന്നാൽ വാട്ടർപ്രഷറും അപ്‌ലിഫ്‌റ്റ്‌ പ്രഷറും വർധിക്കും. ഏതെങ്കിലും രീതിയിൽ ഡാം പരാജയപ്പെട്ടാൽ മനുഷ്യഭാവനശേഷിക്ക്‌ അപ്പുറമുള്ള മഹാവിപത്താണുണ്ടാകുക. അഞ്ച്‌ ജില്ലയിലെ 30 ലക്ഷത്തിലധികം ആളുകളുടെ ജീവനും സുരക്ഷയും സംബന്ധിച്ച്‌ കേരളസർക്കാരിന്റെ ആശങ്ക തിരിച്ചറിയണം.

ഇടുക്കിയുമായി താരതമ്യപ്പെടുത്തിയാൽ മുല്ലപ്പെരിയാറിലെ ജലനിരപ്പ്‌ വളരെ വേഗം കുതിച്ചുയരും. ഇടുക്കി അണക്കെട്ടും പുര്‍ണ സംഭരണശേഷിയിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍  മുകളിൽനിന്ന്‌ വലിയ ജലപ്രവാഹമുണ്ടായാൽ സ്ഥിതി മോശമാകും. ഇടുക്കിയിൽനിന്ന്‌ വൻതോതിൽ ജലം പുറത്തേക്ക്‌ വിടേണ്ടിവരും. ജലനിരപ്പ്‌ 136 അടിക്ക്‌ മേൽ ഉയർത്താതെ തമിഴ്‌നാടിന്‌ വേണ്ട ജലം ഉറപ്പാക്കാനാവും.  തമിഴ്‌നാട്‌ ഉപയോഗിക്കുന്ന ജലത്തിന്റെ അളവ്‌ കുറയ്‌ക്കണമെന്ന്‌ അഭിപ്രായമില്ല. ഡാമിലെ ജലനിരപ്പ്‌ ഉയർത്താതെ കാര്യക്ഷമമായ മാർഗം അവലംബിച്ച്‌ കൂടുതൽ ജലം കൊണ്ടുപോകണമെന്നാണ്‌ കേരളം പറയുന്നത്‌. ഡാമിലെ ജലനിരപ്പ്‌ ഉയർത്തുന്നതിനോട്‌ കേരളത്തിന്‌ കടുത്ത വിയോജിപ്പുണ്ടെന്നും സ്‌റ്റാൻഡിങ് കോൺസൽ ജി പ്രകാശ്‌ മുഖേന സമർപ്പിച്ച സത്യവാങ്മൂലത്തിൽ  പറയുന്നു.