Thursday
18 December 2025
22.8 C
Kerala
HomeKeralaകൊറിയയിൽ ഒരു മാസം ഒരുലക്ഷം രൂപ ശമ്പളത്തിൽ ഉളളികൃഷി ചെയ്യാൻ തള്ളിക്കയറി മലയാളികൾ

കൊറിയയിൽ ഒരു മാസം ഒരുലക്ഷം രൂപ ശമ്പളത്തിൽ ഉളളികൃഷി ചെയ്യാൻ തള്ളിക്കയറി മലയാളികൾ

പത്താം ക്ലാസ് പാസായവർക്ക് ഒരു ലക്ഷം രൂപ ശമ്പളത്തോടെ ദക്ഷിണകൊറിയയിൽ ജോലി എന്ന വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ ഏറെ ചർച്ചയായിരുന്നു. റിക്രൂട്ട് ചെയ്യുന്നതിന് മുന്നോടിയായി നടത്തിയ സെമിനാറിൽ പങ്കെടുക്കാൻ ഉദ്യോഗാർഥികളുടെ തിരക്കായിരുന്നു. ഉള്ളി കൃഷി പദ്ധതിയിലേക്കാണ് സർക്കാരിന്‍റെ വിദേശ റിക്രൂട്ട്മെന്‍റ് ഏജൻസിയായ ഒഡെപെക് നിയമനം നടത്തുന്നത്. എന്നാൽ ജോലി പ്രതീക്ഷിച്ച് എത്തിയവർ സെമിനാറിൽ പങ്കെടുത്തതോടെ മുഖം വാടി. മാസത്തിൽ രണ്ടു ദിവസം മാത്രം അവധിയും കൊറിയയിലെ കൊടുംതണുപ്പിൽ ഒരു ദിവസം ഒമ്പത് മണിക്കൂർ ജോലി ചെയ്യണമെന്നുമുള്ള വ്യവസ്ഥയാണ് മിക്കവരെയും നിരാശരാക്കിയത്. മുപ്പതിലേറെ പേർ ഇത് കേട്ടതോടെ സ്ഥലം വിട്ടു. 1.12 ലക്ഷം രൂപയാണ് ശമ്പളം.
വിവിധ ജില്ലകളിൽനിന്നായി എഴുന്നൂറോളം പേരാണ് തിരുവനന്തപുരത്ത് നടത്തിയ സെമിനാറിൽ പങ്കെടുക്കാൻ എത്തിയത്. ഇതിൽ 100 വനിതകളും ഉണ്ടായിരുന്നു. ഉദ്യോഗാർഥികൾ തള്ളിക്കയറിയതോടെ മൂന്നു ബാച്ചുകളിലായാണ് സെമിനാർ നടത്തിയത്. 100 ഒഴിവുകളിലേക്കാണ് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നത്. വിദേശ ജോലി ലഭിക്കാൻ സഹായം ലഭ്യമാക്കുന്ന സംസ്ഥാന സർക്കാർ ഏജൻസിയായ ഒഡെപെക് മുഖേനയാണു നിയമനം. ദക്ഷിണകൊറിയയിലേക്ക് ഇതാദ്യമായാണ് ഒഡെപെക് മുഖേന റിക്രൂട്ട്മെന്‍റ് നടത്തുന്നത്. കൊറിയൻ സർക്കാരിന്‍റെ ആഭിമുഖ്യത്തിലുള്ള കാർഷിക പദ്ധതിയുടെ ഭാഗമാകാനാണ് തൊഴിലാളികളെ തേടുന്നത്. പ്രധാനമായും സവാള കൃഷിയാണ് ചെയ്യുന്നത്. ആയിരം തൊഴിലാളികളെയാണ് ആവശ്യപ്പെട്ടതെങ്കിലും തുടക്കത്തിൽ 100 പേർക്കാണ് നിയമനം. കൊറിയൻ ചേംബർ ഓഫ് കൊമേഴ്സുമായി ചേർന്നാണു നിയമനം നടത്തുന്നതെന്ന് ഒഡെപെക് വ്യക്തമാക്കുന്നു.

25 മുതൽ 40 വയസ് പ്രായമുള്ളവരെയാണ് ഈ ജോലിക്കായി പരിഗണിക്കുന്നത്. അപേക്ഷകർ പത്താം ക്ലാസ് പാസ് ആയിരിക്കണം. അടിസ്ഥാനപരമായി ഇംഗ്ലിഷ് ഭാഷ കൈകാര്യം ചെയ്യാൻ അറിഞ്ഞിരിക്കണം. രണ്ട് ഡോസ് കോവിഷീൽഡ് വാക്സീൻ എടുത്തിരിക്കണം. കാർഷിക വൃത്തിയിൽ മുൻ പരിയമുള്ളവർക്കു മുൻഗണന ഉണ്ടാകും.
അടുത്ത സെമിനാർ ഒക്ടോബർ 29ന് എറണാകുളം മുനിസിപ്പൽ ടൗൺ ഹാളിലും സെമിനാർ നടത്തും. തൊഴിൽദാതാവിനെകുറിച്ച് അപേക്ഷകരിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒഡെപെക് സെമിനാർ നടത്തുന്നതെന്ന് മാനേജിങ് ഡയറക്ടർ കെ.എ.അനൂപ് പറഞ്ഞു. കൊറിയയിലെ ജീവിത രീതി, കൃഷി രീതികൾ, ജീവിതച്ചെലവ്, താമസ സൗകര്യം, കറൻസി, സംസ്കാരം, തൊഴിൽ സമയം, തൊഴിൽ നിയമങ്ങൾ തുടങ്ങിയ കാര്യങ്ങളെല്ലാം അപേക്ഷകർക്കു ബോധ്യപ്പെടുന്നതിനാണു സെമിനാറുകൾ സംഘടിപ്പിക്കുന്നത്. കൊറിയൻ സാഹചര്യങ്ങൾ ബോധ്യപ്പെട്ട ശേഷം അപേക്ഷിക്കുന്നവരിൽ നിന്നാണ് യോഗ്യരായ ആളുകളെ തെരഞ്ഞെടുക്കുന്നത്.

RELATED ARTICLES

Most Popular

Recent Comments