ഗെയിൽ പദ്ധതി : വാളയാർ കോയമ്പത്തൂർ പെെപ്പിടൽ പൂർത്തിയായി

0
61

ഗെയിൽ പ്രകൃതിവാതക പൈപ്പുലൈൻ പദ്ധതി മൂന്നാംഘട്ടത്തിന്റെ ഭാഗമായി വാളയാറിൽനിന്ന്‌ കോയമ്പത്തൂരിലേക്ക്‌ ഗ്യാസ്‌ എത്തിക്കുന്ന പൈപ്പുലൈൻ സ്ഥാപിക്കുന്ന ജോലി പൂർത്തിയായി. അഞ്ചു കിലോമീറ്റർ കേരളത്തിലും ബാക്കി തമിഴ്‌നാട്ടിലുമാണ്‌. 12 കിലോമീറ്റർ പൈപ്പുലൈനിൽ പരീക്ഷണാടിസ്ഥാനത്തിൽ പ്രകൃതിവാതകം കുറഞ്ഞ മർദത്തിൽ നിറച്ചു.

പാലക്കാട്‌ കൂറ്റനാട്‌–-വാളയാർ പൈപ്പുലൈനിന്റെ (94 കിലോമീറ്റർ) സാങ്കേതികനിർമാണം ഏപ്രിലിൽ പൂർത്തിയായിരുന്നു. ഇതും ഈ 12 കിലോമീറ്റർ പൈപ്പുലൈനും ദി പെട്രോളിയം ആൻഡ്‌ എക്‌സ്‌പ്ലോസീവ്‌സ്‌ സേഫ്‌റ്റി ഓർഗനൈസേഷന്റെ (പെസോ) അനുമതി ലഭിച്ചാൽ ഉടൻ കമീഷൻ ചെയ്യും. ഇതോടെ പൈപ്പുലൈനിൽ ഉയർന്ന മർദത്തിൽ ഗ്യാസ്‌ നിറച്ച്‌ എത്തിക്കാനാകും.

തൊണ്ണൂറ്റിനാലു കിലോമീറ്റർ ലൈനിൽ ഗ്യാസ്‌ പ്രവാഹം നിയന്ത്രിക്കുന്ന ഒപ്‌റ്റിക്കൽ ഫൈബർ കേബിൾ സ്ഥാപിക്കുന്ന ജോലി പൂർത്തിയായി. 12 കിലോമീറ്റർ ലൈനിൽ കേബിളുകൾ ഉടൻ സ്ഥാപിക്കും. കോയമ്പത്തൂർ സിറ്റിയിലെ ഗ്യാസ്‌ വിതരണം ഇന്ത്യൻ ഓയിൽ കോർപറേഷ‌ൻ (ഐഒസി) നിർവഹിക്കും.
കൊച്ചിയിലെ വ്യവസായശാലകൾക്ക്‌ പ്രകൃതിവാതകം കൊടുക്കുന്ന പൈപ്പുലൈൻ വിന്യാസമായിരുന്നു ഗെയിലിന്റെ ആദ്യഘട്ടം. ഇത് 2010ൽ തുടങ്ങി 2013 ആഗസ്ത്‌‌ 25ന് കമീഷൻ ചെയ്തു. രണ്ടാംഘട്ടമായ കൊച്ചി–-മംഗളൂരു ലൈൻ ജനുവരി അഞ്ചിന്‌ നാടിന്‌ സമർപ്പിച്ചു. ഗെയിൽ പൈപ്പുലൈൻ കേരളത്തിലൂടെ പോകുന്നത്‌ 510 കിലോമീറ്ററാണ്‌.

മൂന്നാംഘട്ടം പൂർത്തിയാകുന്നതോടെ വീടുകളിലും വ്യവസായസ്ഥാപനങ്ങളിലും പൈപ്ഡ്‌‌ നാച്വറൽ ഗ്യാസും (പിഎൻജി) പമ്പുകളിലൂടെ കംപ്രസ്‌ഡ്‌ നാച്വറൽ ഗ്യാസും (സിഎൻജി) വിതരണം ചെയ്യുന്ന  സിറ്റി ഗ്യാസ്‌ പദ്ധതി കൂടുതൽ ജില്ലകളിലേക്ക്‌ വ്യാപിപ്പിക്കാനാകും.