മോസ്കോ: ലോകത്തെ ആശങ്കയിലാഴ്ത്തിക്കൊണ്ട് റഷ്യയില്‍ കൊവിഡ് വ്യാപനം വീണ്ടും ശക്തമാകുന്നു.
മരണനിരക്കും കുത്തനെ ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 39,849 കേസുകളും 1,163 മരണവുമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യതലസ്ഥാനമായ മോസ്കോയില്‍ 11 ദിവസത്തേയ്ക്ക് അവശ്യ സേവനങ്ങളല്ലാത്തവ പ്രവര്‍ത്തിക്കില്ല. റീട്ടെയ്ല്‍ ഔട്ട്ലെറ്റുകള്, റെസ്റ്റോറന്റുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയടക്കം അടച്ചുപൂട്ടി. ഭക്ഷണശാലകളും മെഡിക്കല്‍ സ്റ്റോറുകളുമടക്കമുള്ള അവശ്യസേവനങ്ങള്‍ പ്രവര്‍ത്തിക്കും.
കൊവിഡ് വ്യാപനം ശക്തമായതോടെ ഒക്ടോ. 30 മുതല്‍ നവംബര്‍ ഏഴ് വരെ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന് അവധി പ്രഖ്യാപിച്ചിരുന്നു. രാജ്യത്ത് നിലവില്‍ 8,432,546 രോഗികളാണുള്ളത്. ആകെ മരണം - 236,220.
തദ്ദേശീയമായി സ്പുട്നിക് - വി അടക്കമുള്ള വാക്സിനുകള്‍ വികസിപ്പിച്ചിട്ടും റഷ്യയില്‍ പ്രതിരോധ കുത്തിവയ്പ് എടുത്തവരുടെ എണ്ണം വളരെ കുറവാണ്.
വ്യാഴാഴ്ച വരെയുള്ള കണക്കനുസരിച്ച് ആകെ ജനസംഖ്യയുടെ 32 ശതമാനം മാത്രമാണ് വാക്സിന് സ്വീകരിച്ചത്.
വാക്സിനോട് റഷ്യന്‍ ജനത വിമുഖത പ്രകടിപ്പിക്കുകയാണ്. സമ്ബദ്വ്യവസ്ഥയെ ബാധിക്കുമെന്നതിനാല്‍ വീണ്ടും നിയന്ത്രണങ്ങള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറുമല്ല. വാക്സിന് സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിരന്തരം ആഹ്വാനം ചെയ്യുന്നുണ്ടെങ്കിലും ജനങ്ങള്‍ അത പാടെ അവഗണിക്കുകയാണ്.
അതേസമയം, പ്രദേശിക വ്യാപനം റിപ്പോര്‍ട്ട് ചെയ്തത് മൂലം ചൈനയില്‍ മൂന്നിടങ്ങളില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു.
മാസ്ക് മാറ്റാന്‍ സമയമായിട്ടില്ലെന്ന് യു.എ.ഇ
രാജ്യത്ത് കൊവിഡ് വ്യാപനം കുറഞ്ഞെങ്കിലും മാസ്ക് ധാരണം ഒഴിവാക്കാന്‍ സമയമായിട്ടില്ലെന്ന് യു.എ.ഇ ദേശീയ അത്യാഹിത ദുരന്ത നിവാരണ സമിതി. എല്ലാവരും പൊതുസ്ഥലങ്ങളില്‍ മാസ്ക്
ധരിക്കണം. ഈ വര്‍ഷം കൊവിഡ് കേസുകളുടെ എണ്ണം വളരെ കുറവാണ്. ഇത് മാസ്ക് ധാരണവും മറ്റ് കൊവിഡ് മാനദണ്ഡങ്ങളും കൃത്യമായി പാലിക്കുന്നത് കൊണ്ടാണെന്നും സമിതി പറഞ്ഞു.
വാക്സിന് വിതരണം വലിയ രീതിയില്‍ പുരോഗമിക്കുന്നുണ്ട്. രണ്ട് കോടിയിലേറെ വാക്സിന് രാജ്യത്ത് വിതരണം ചെയ്തു. ഇതുവരെ 97.16% പേര്‍ക്ക് വാക്സിന് നല്കി. 87% പേര് രണ്ട് ഡോസും സ്വീകരിച്ചു. സ്വദേശികള്‍ വിദേശികളെന്ന വ്യത്യാസം ഇല്ലാതെ രാജ്യത്തെ മുഴുവന്‍ ആളുകള്‍ക്കും വാക്സിന് വിതരണം ചെയ്യുന്നുണ്ടെന്നും സമിതി വ്യക്തമാക്കി.