കേരള യൂണിവേഴ്സിറ്റി ലൈബ്രറിയിലെ നൂതന ഡിജിറ്റൽ സേവനങ്ങൾ ഇന്ന് വൈകിട്ട് മൂന്നിന് സെനറ്റ് ഹാളിൽ മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. റേഡിയോ ഫ്രീക്വൻസി ഐഡിഫിക്കേഷൻ ഡിറ്റക്ഷൻ സാങ്കേതികവിദ്യയും പുസ്തകങ്ങൾ ലൈബ്രറിയിൽ ലഭ്യമാണോ എന്നറിയാലുള്ള ടച്ച് സ്ക്രീൻ ഇൻഫർമേഷൻ കിയോസ്കും ഷെൽഫുകളിൽ നിന്ന് വേഗത്തിൽ പുസ്തകങ്ങൾ കണ്ടെത്താൻ ഹാൻഡ് ഹെൽഡ് റീഡറും സജ്ജമാക്കിയിട്ടുണ്ട്.
പുസ്തകങ്ങൾ രജിസ്റ്ററിൽ രേഖപ്പെടുത്താതെ പുറത്തുകടന്നാൽ അലാറം മുഴക്കുന്ന സെക്യൂരിറ്റി ഗേറ്റ്, ഏതുസമയത്തും പുസ്തകങ്ങൾ തിരിച്ചേൽപ്പിക്കാൻ കഴിയുന്ന ചെക്ക് ഇൻ ഡ്രോപ് ബോക്സ്, അംഗങ്ങൾക്കുള്ള ചിപ്പ് ഘടിപ്പിച്ച സ്മാർട്ട് കാർഡ്, കാഴ്ചപരിമിതർക്കായി റിസോഴ്സ് സെന്റർ എന്നിവയുമുണ്ട്. 10 ലക്ഷത്തിലധികം ഡിജിറ്റൽ ഓഡിയോ പുസ്തകങ്ങളും ഓൺലൈനായി ലഭ്യമാവും. വിദ്യാർത്ഥികളുടെ പരീക്ഷാ രജിസ്ട്രേഷൻ മുതൽ സർട്ടിഫിക്കറ്റ് നൽകുന്നതുവരെയുള്ള മുഴുവൻ പ്രവർത്തനങ്ങളും ഓൺലൈനിലാക്കുന്ന സ്റ്റുഡന്റ് ലൈഫ് സൈക്കിൾ മാനേജ്മെന്റ് സിസ്റ്റവും മന്ത്രി ഉദ്ഘാടനം ചെയ്യും. വൈസ് ചാൻസലർ ഡോ വി. പി. മഹാദേവൻപിള്ള അദ്ധ്യക്ഷത വഹിക്കും.