ഒരു സ്ത്രീയും പീഡിപ്പിക്കപ്പെടരുത്‌; അക്രമികൾക്ക്‌ പരമാവധി ശിക്ഷ ഉറപ്പാക്കും: മുഖ്യമന്ത്രി

0
66

സത്രീ സുരക്ഷ സംബന്ധിച്ച്‌ ഒരു വിധ വീട്ടുവിഴ്‌ചയില്ലെന്നും അക്രമികൾക്ക്‌ പരമാവധി ശിക്ഷ ഉറപ്പാക്കാൻ സംസ്‌ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.  ഒരു സ്ത്രീയും പീഡിപ്പിക്കപ്പെടാത്ത ഒരു സമൂഹം എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അതിന് ഉതകുന്ന ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നത്. അതിനായുള്ള വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുമുണ്ടെന്ന്‌ പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയ നോട്ടീസിന്‌ മറുപടിയായി  മുഖ്യമന്ത്രി പറഞ്ഞു.

ഉത്തരേന്ത്യയിലെ ചില സംഭവങ്ങള്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടിക്കൊണ്ട് കേരളത്തിലും ഇത്തരം സംഭവങ്ങള്‍ നടക്കുന്നുവെന്നാണ് ആരോപണം. കേരളീയ സമൂഹത്തെ അറിയാതെ നടത്തിയിട്ടുള്ള ഈ പരാമര്‍ശം ആരെ വെള്ളപൂശാനുള്ളതാണെന്നും മുഖ്യമന്ത്രി ചോദിച്ചു.

അടിയന്തിരപ്രമേയത്തില്‍ പറഞ്ഞിട്ടുള്ള എല്ലാ സംഭവങ്ങളിലും പ്രതികളെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. റോജി എം ജോണാണ്‌ അടിയന്തിരപ്രമേയത്തിന്‌ അനുമതി തേടിയത്‌.
കോഴിക്കോട് കുറ്റ്യാടി സ്വദേശിനിയെ പീഡിപ്പിച്ച സംഭവത്തില്‍  കുട്ടിയുടെ  മൊഴി രേഖപ്പെടുത്തി .പോക്‌സോ നിയമത്തിലെയും, പട്ടികജാതി പട്ടികവര്‍ഗ പീഡനനിരോധന നിയമത്തിലെയും വകുപ്പുകള്‍ പ്രകാരം കുറ്റ്യാടി  നാല് പ്രതികളെയും അറസ്റ്റ് ചെയ്ത് നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

മലപ്പുറം കോട്ടൂക്കര സ്വദേശിനിയായ പെണ്‍കുട്ടിയെ  ലൈംഗികാതിക്രമത്തിന് വിധേയമാക്കാന്‍ ശ്രമിച്ച സംഭവത്തില്‍  പ്രതിയെ കസ്റ്റഡിയിലെടുത്ത് മലപ്പുറം ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെ ഹാജരാക്കി .

വിതുരയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ  പ്രതിയെ അറസ്റ്റു ചെയ്തിട്ടുണ്ട്. കോട്ടയ്ക്കല്‍ സ്വദേശിനിയായ 17 വയസ്സുള്ള പെണ്‍കുട്ടി പീഡനത്തിനു ശേഷം പ്രസവിക്കാനിടയായ സംഭവത്തിലും പ്രതി അറസ്‌റ്റിലാണ്‌.

കോട്ടയം കുറിച്ചി സ്വദേശിയായ വ്യക്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ചിങ്ങവനം പോലീസ്  പ്രതിയെ അറസ്റ്റു ചെയ്തിട്ടുണ്ട്.

കോഴിക്കോട് മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിലും കൊല്ലം കരിക്കോട് സ്വദേശിനിയായ യുവതിയെ മയക്കുമരുന്ന് കലര്‍ന്ന ദ്രാവകം നല്‍കി പീഡിപ്പിച്ച കേസിലും അറസ്‌റ്റ്‌ നടന്നിട്ടുണ്ട്‌.

2016 മുതല്‍ 2021 വരെയുള്ള കാലയളവില്‍ ലൈംഗികാതിക്രമങ്ങളുടെയും ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെയും എണ്ണം കുറഞ്ഞുവരുന്നു എന്നതാണ് വസ്തുത. വനിതകള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ക്കായി 2016 ല്‍ 15,114 കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ 2020 ല്‍ ഇതിന്റെ എണ്ണം 12,659 ആയി ചുരുങ്ങി.

ബലാത്സംഗ കേസുകളുടെ എണ്ണം 2017 ല്‍ 2,003 എണ്ണമുണ്ടായിരുന്നത് 2020 ല്‍ 1,880 ആയി കുറഞ്ഞു. മറ്റു പീഡന കേസുകള്‍ 2017 ല്‍ 4,413 ആയിരുന്നത് 2020 ല്‍ 3,890 ആയി കുറഞ്ഞു. സ്ത്രീധന പീഡനത്തെതുടര്‍ന്നുള്ള മരണം 2017 ല്‍ 12 ആയിരുന്നത് 2020 ല്‍ 6 ആയി കുറഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.