അമിതവേഗത്തിലെത്തിയ കാറിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്ക്

0
150

 

കോവളം: അമിതവേഗതയിലെത്തിയ കാർ ബൈക്കിലിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്ക്. ഇന്നലെ വൈകിട്ട് എഴിന് വാഴമുട്ടം ബൈപാസിലായിരുന്നു സംഭവം. ബുള്ളറ്റ് ബൈക്കിലെത്തിയ യുവാക്കളെയാണ് കാർ ഇടിച്ചുതെറിപ്പിച്ചത്. റോഡിൽ തെറിച്ചുവീണ ഇവരെ സ്വകാര്യ ആംബുലൻസിൽ ആശുപത്രിയിലേക്കു കൊണ്ടുപോയി. ഈ സമയം ഇതുവഴി പോയ ടോൾ പ്ളാസ ജീവനക്കാരി കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.

അപകടശേഷം നിറുത്താതെപോയ കാർ അമ്പലത്തറ കുമരിച്ചന്തക്ക് സമീപം വീണ്ടും മൂന്ന് വാഹനങ്ങളിൽ ഇടിച്ചു. ഇതോടെ നാട്ടുകാർ കാർ തടഞ്ഞിട്ട് അകത്തുണ്ടായിരുന്ന രണ്ട് യുവാക്കളെ പൊലീസിൽ ഏൽപ്പിച്ചു. ഒരാൾ ഓടി രക്ഷപ്പെട്ടു. കവടിയാർ കുറവൻ കോണം സ്വദേശി ഋത്വിക് (21), വട്ടിയൂർക്കാവ് സ്വദേശി അഭിലാഷ് മനു ( 22 ) എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവർ മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. കോവളം നടന്ന ആഘോഷത്തിന് ശേഷം മടങ്ങുമ്പോഴാണ് ഇവർ അപകട പരമ്പര സൃഷ്ടിച്ചത്. സ്റ്റേഷനിൽ എത്തിച്ച യുവാക്കളെ ഉടൻ ജാമ്യത്തിൽ വിട്ടയച്ചതിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്.