മുല്ലപ്പെരിയാര്‍ ജലനിരപ്പ് 137 അടിയില്‍ താഴെമതിയെന്ന് മേല്‍നോട്ടസമിതി; കേരളത്തിന്റെ ആവശ്യം അംഗീകരിച്ചു

0
99

ന്യൂഡല്‍ഹി > മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 137 അടിയില്‍ താഴെയായി നിലനിര്‍ത്തണമെന്ന് സുപ്രീംകോടതി നിയോഗിച്ച മേല്‍നോട്ടസമിതി. തീരുമാനം ഇന്ന് സുപ്രീംകോടതിയെ സമിതി അറിയിക്കും. ജലനിരപ്പ് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് മേല്‍നോട്ട സമിതിയാണെന്നാണ് സുപ്രീംകോടതി കഴിഞ്ഞദിവസം പറഞ്ഞത്. കേരളത്തിന്റെ ആവശ്യം സത്യസന്ധവും വസ്തുതാപരവുമാണെന്ന് മേല്‍നോട്ട സമിതിക്ക് ബോധ്യപ്പെട്ടതില്‍ സന്തോഷമുണ്ടെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.

ജലനിരപ്പ് 137 അടിയാക്കണമെന്നാണ് ഉന്നതതല സമിതിയോഗത്തില്‍ കേരളം ആവശ്യപ്പെട്ടത്. 139.99 അടിയായി ജലനിരപ്പ് നിലനിര്‍ത്തണമെന്ന് 2018ല്‍ സുപ്രീംകോടതി നിര്‍ദേശിച്ചതും കേരളം ചൂണ്ടിക്കാട്ടി. അന്നത്തെ സാഹചര്യത്തേക്കാള്‍ മോശം അവസ്ഥയാണ് ഇപ്പോള്‍. കേരളത്തില്‍ തുലാവര്‍ഷം തുടങ്ങുന്നതേയുള്ളൂ. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് വര്‍ധിച്ച്, ഒഴുക്കിക്കളയേണ്ട അവസ്ഥ വന്നാല്‍ ഇടുക്കി അണക്കെട്ടിലേക്കാകും ജലം ഒഴുകിയെത്തുക. ഇപ്പോള്‍ ഇവിടെ കൂടുതല്‍ ജലം ഉള്‍ക്കൊള്ളാന്‍ കഴിയില്ല. പരമാവധി ജലം തമിഴ്നാട് കൊണ്ടുപോകണമെന്നും കേരളം ആവശ്യപ്പെട്ടു. വൈഗയിലും മധുരയിലുമായി മുല്ലപ്പെരിയാറിലെ ജലം സംഭരിക്കണമെന്നും തമിഴ്നാട് പ്രതിനിധിയോട് കേരളം ആവശ്യപ്പെട്ടിരുന്നു. 138 അടിയില്‍ ജലനിരപ്പ് ക്രമീകരിക്കാമെന്ന് യോഗത്തില്‍ തമിഴ്‌നാട് ഉറപ്പ് നല്‍കിയത്.

എന്നാല്‍ ഇടുക്കിയിലേക്ക് കൂടുതല്‍ ജലം എത്തുന്നത് പ്രതിസന്ധി സൃഷ്ടിക്കും എന്നതിനാലും, കേരളത്തില്‍ തുലാവര്‍ഷം ശക്തിപ്രാപിക്കുമെന്ന കാലാവസ്ഥാപ്രവചനവും കണക്കിലെടുത്താണ് മേല്‍നോട്ട സമിതി തീരുമാനം കൈക്കൊണ്ടത്.

സംസ്ഥാന താല്‍പര്യം സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനം ശരിയായിരുന്നുവെന്ന് തെളിയിക്കുന്നതാണ് സമിതിയുടെ തീരുമാനമെന്ന് റോഷി അഗസ്റ്റിന്‍ പറഞ്ഞു. മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയതുപോലെ പുതിയ ഡാം ഉണ്ടാകണം എന്ന കേരളത്തിന്റെ ആവശ്യം അംഗീകരിക്കപ്പെടും. ആ തീരുമാനത്തിലേക്ക് കേരളത്തിന് എത്താനാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പ്രതികരിച്ചു.