രാജ്യത്തെ 13 വിമാനത്താവളങ്ങൾ കൂടി സ്വകാര്യമേഖലയ്ക്ക് കൈമാറാൻ കേന്ദ്രസർക്കാർ

0
68

ദില്ലി : കേന്ദ്രസർക്കാരിന് കീഴിലുള്ള 13 വിമാനത്താവളങ്ങളുടെ നടത്തിപ്പ് കൂടി സ്വകാര്യമേഖലയ്ക്ക് നൽകാൻ തീരുമാനം. നടപ്പ് സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ കൈമാറ്റ നടപടികൾ പൂർത്തിയാക്കാനാണ് തീരുമാനം. സ്വകാര്യമേഖലയ്ക്ക് കൈമാറാൻ ഉദ്ദേശിക്കുന്ന വിമാനത്താവളങ്ങളുടെ പട്ടിക എയർപോർട് അതോറിറ്റി ഓഫ് ഇന്ത്യ, കേന്ദ്രസർക്കാരിന് കൈമാറി.

നിലവിലുള്ള ഏഴ് വലിയ വിമാനത്താവളങ്ങളെ ആറ് ചെറിയ വിമാനത്താവളങ്ങളഉമായി ചേർത്ത് സ്വകാര്യമേഖലയ്ക്ക് കൈമാറാനാണ് കേന്ദ്രം ഉദ്ദേശിക്കുന്നത്. വാരണാസി, അമൃത്‌സർ, ഭുവനേശ്വർ, റായ്പൂർ, ഇൻഡോർ, ട്രിച്ചി തുടങ്ങിയ വിമാനത്താവളങ്ങൾ പുതുതായി കൈമാറുന്ന വിമാനത്താവളങ്ങളുടെ പട്ടികയിലുണ്ട്.

നിലവിൽ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് കീഴിലാണ് ഈ വിമാനത്താവളങ്ങൾ പ്രവർത്തിക്കുന്നത്. അതേസമയം അടുത്ത നാല് വർഷത്തിനുള്ളിൽ 25 വിമാനത്താവളങ്ങൾ സ്വകാര്യവത്കരിക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നുണ്ട്. ഇപ്പോൾ കേന്ദ്രത്തിന് എയർപോർട്ട് അതോറിറ്റി കൈമാറിയിരിക്കുന്ന 13 വിമാനത്താവളങ്ങൾ അടക്കമാണിത്.

തിരുവനന്തപുരം അടക്കമുള്ള വിമാനത്താവളങ്ങളുടെ ചുമതല കൈമാറിയതിന് സമാനമായി അടുത്ത 50 വർഷത്തേക്കായിരിക്കും സ്വകാര്യ നടത്തിപ്പുകാർക്ക് ഇനിയുള്ള വിമാനത്താവളങ്ങളും കൈമാറുക. തിരുവനന്തപുരം അടക്കമുള്ള ആറ് വിമാനത്താവളങ്ങളുടെ നടത്തിപ്പും അദാനി ഗ്രൂപ്പിനാണ് ലഭിച്ചത്.