എത്തിയത് ഭാര്യയെ തല്ലുന്ന ഭര്‍ത്താവിനെ ശരിപ്പെടുത്താന്‍; ഒടുവിൽ ഭര്‍ത്താവിന്റെ ജീവന്‍ രക്ഷിച്ച് പോലീസ്

0
64

ഭര്‍ത്താവ് മദ്യപിച്ച് വീട്ടിലെത്തി ഭാര്യയെ പൊതിരെ തല്ലുന്നുവെന്ന പരാതി അന്വേഷിക്കാൻ എത്തിയ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് പോലീസ് രക്ഷിച്ചത് ഭര്‍ത്താവിനെ.

ഒക്ടോബര്‍ 25ന് രാത്രി 11 മണിക്കാണ് സംഭവം.
പരാതി ലഭിച്ചതോടെ ട്രോളിങ്ങിലുണ്ടായിരുന്ന സബ് ഇന്‍സ്‌പെക്ടര്‍ പി.പി. ബാബുവും സിവില്‍ പോലീസ് ഓഫീസര്‍ കെ.കെ. ഗിരീഷും ഉടന്‍ സ്ഥലത്തേക്കു പോയി. പോലീസുകാര്‍ അവിടെയെത്തുമ്പോള്‍ വീടിനുപുറത്ത് പോലീസിനെ കാത്തുനില്‍ക്കുകയായിരുന്നു യുവതി.

ഭര്‍ത്താവിനെ അന്വേഷിച്ച് വീടിനുള്ളിൽ ചെന്നപ്പോള്‍ ഉള്ളില്‍നിന്ന് പൂട്ടിയ മുറിയില്‍ ഫാനില്‍ തൂങ്ങിമരിക്കാന്‍ ശ്രമിക്കുന്നതാണ് കണ്ടത്.
പോലീസുദ്യോഗസ്ഥര്‍ ഉടൻ വാതില്‍ തകര്‍ത്ത് ഭര്‍ത്താവിനെ രക്ഷിച്ച് പോലീസ് ജീപ്പില്‍ത്തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു.
അൽപ്പം വൈകിയിരുന്നെങ്കില്‍ ഇയാളുടെ ജീവന്‍ നഷ്ടമാകുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.