ബസുടമകളുടെ സമരം സര്‍ക്കാര്‍ ചര്‍ച്ച ചെയ്യുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു

0
81

തിരുവനന്തപുരം: ബസുടമകളുടെ സമരം സര്‍ക്കാര്‍ ചര്‍ച്ച ചെയ്യുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. മുഖ്യമന്ത്രി വിളിച്ച നാളത്തെ യോഗത്തില്‍ സമരം ചര്‍ച്ച ചെയ്യുമെന്ന് ഗതാഗത മന്ത്രി പറഞ്ഞു.ബസ്സുടമ സംയുക്ത സമിതിയാണ് സമരം പ്രഖ്യാപിച്ചത്.

ഇക്കാര്യത്തില്‍ ബസ് ഉടമകളുമായും ചര്‍ച്ചയുണ്ടാവും. ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കണമെന്ന ബസ് ഉടമകളുടെ ആവശ്യം ന്യായമാണെന്ന് പറഞ്ഞ മന്ത്രി പക്ഷേ സ്‌കൂള്‍ തുറക്കുന്ന സമയത്ത് സമരം പ്രഖ്യാപിച്ചത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും വ്യക്തമാക്കി.

കൊവിഡ്‌ പശ്ചാത്തലത്തില്‍ ചാര്‍ജ്ജ് വര്‍ധന എന്ന ആവശ്യം എത്രത്തോളം നടപ്പാക്കാന്‍ ആകുമെന്ന് അറിയില്ലെന്നും മന്ത്രി പറഞ്ഞു.

ഇന്ധന വില വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ യാത്രാനിരക്ക് വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക് നീങ്ങുന്നത്. നവംബര്‍ 9 മുതലാണ് അനിശ്ചിത കാല സമരം. ഇതുസംബന്ധിച്ച്‌ ബസുടമകള്‍ ഗതാഗത മന്ത്രിക്ക് നോട്ടീസ് നല്‍കി. മിനിമം ചാര്‍ജ് 12 രൂപയാക്കണം എന്നാണ് പ്രധാന ആവശ്യം.

വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ്ജ് 6 രൂപയാക്കണം, കി.മീ. 1 രൂപയായി വര്‍ദ്ധിപ്പിക്കണം, തുടര്‍ന്നുള്ള ചാര്‍ജ് യാത്ര നിരക്കിന്റെ 50 ശതമാനമാക്കണം എന്നിവയാണ് മറ്റ് ആവശ്യങ്ങള്‍.