നവംബര്‍ 9 മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേയ്ക്ക്

0
67

കേരളത്തില്‍ സ്വകാര്യ ബസ് ഉടമകള്‍ സമരത്തിലേക്ക്. നവംബര്‍ 9 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ അറിയിച്ചു. ബസ് ചാര്‍ജ് വര്‍ധിപ്പിക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന് ഉടമകള്‍ അറിയിച്ചു.

മുന്‍പ് പ്രഖ്യാപിച്ച സമരം മാറ്റിവെച്ചതാണ്. കൊവിഡ് കാലത്ത് ഡീസല്‍ വില വര്‍ധിക്കുന്നു. ഈ വ്യവസായത്തിന് പിടിച്ച്‌ നില്‍ക്കാന്‍ പറ്റുന്നില്ല. ഡീസല്‍ സബ്സിഡി തരുന്നില്ല.

കൊവിഡ് കാലത്ത് യാത്രക്കാരുടെ എണ്ണത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തിയത് കണക്കിലെടുത്ത് കിലോമീറ്ററിന് 20 പൈസ കൂട്ടിയെങ്കിലും അത് പര്യാപ്തമല്ലെന്നാണ് ബസ് ഉടമകള്‍ പറയുന്നത്. മിനിമം ചാര്‍ജ് 12 രൂപയെങ്കിലും ആക്കണമെന്നാണ് ബസുടമകളുടെ ആവശ്യം.

വിദ്യാര്‍ഥികളുടെ മിനിമം യാത്രാനിരക്ക് 6 രൂപയാക്കുക, നികുതിയിളവ് നല്‍കുക തുടങ്ങിയ ആവശ്യങ്ങളും ബസുടമകള്‍ മുന്നോട്ട് വെക്കുന്നു.