ഭര്‍ത്താവിനോടൊപ്പം സന്തോഷമായി ജീവിക്കാന്‍ ആഗ്രഹിക്കുന്നു; രാജകീയ പദവികള്‍ വെടിഞ്ഞ് സാധാരണക്കാരനെ വിവാഹം കഴിച്ച്‌ ജപ്പാന്‍ രാജകുമാരി

0
113

ടോക്കിയോ : രാജകീയ പദവികള്‍ വെടിഞ്ഞ് സാധാരണക്കാരനെ വിവാഹം കഴിച്ച്‌ ജപ്പാന്‍ രാജകുമാരി. തന്റെ കോളേജ് കാലത്തെ കാമുകനായ കെയ് കൊമുറോയെയാണ് ജപ്പാന്‍ രാജകുമാരി മാക്കോ വിവാഹം ചെയ്തത്.

എല്ലാ പദവികളും വെടിഞ്ഞ് തന്റെ ഭര്‍ത്താവിനോടൊപ്പം സന്തോഷത്തോടെ ജീവിക്കാനാണ് ആഗ്രഹിക്കുന്നത് എന്നും മാക്കോ പറഞ്ഞു. 30 കാരിയായ മാക്കോയും കെയ് കൊമുറോയും തമ്മിലുള്ള വിവാഹ നിശ്ചയം നാല് വര്‍ഷം മുന്‍പാണ് കഴിഞ്ഞത്. എന്നാല്‍ കൊമുറോയുടെ അമ്മയുടെ പേരില്‍ സാമ്ബത്തിക തട്ടിപ്പ് വാര്‍ത്തകള്‍ വന്നതോടെ വിവാഹം നീണ്ടുപോയി.

തുടര്‍ന്ന് ഇന്ന് രാവിലെ ഒരു പ്രാദേശികതലത്തിലുള്ള ഓഫിസില്‍ വച്ച്‌ ഇരുവരും വിവാഹിതരായെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ജപ്പാന്‍ നിയമപ്രകാരം രാജകുടുംബാംഗം സാധാരണക്കാരെ വിവാഹം കഴിച്ചാല്‍ രാജകീയ പദവികള്‍ ഒഴിയണം. ഇതെല്ലാം താന്‍ ഒഴിഞ്ഞെന്ന് മാക്കോ വാര്‍ത്താ സമ്മേളത്തില്‍ പറഞ്ഞു.

രാജകീയ ആഡംബരങ്ങളും പാരമ്ബര്യവും പൂര്‍ണമായും മാറ്റിവെച്ചുകൊണ്ട് സാധാരണ രീതിയിലാണ് ഇരുവരും വിവാഹിതരായത്. രാജകുടുംബത്തില്‍ നിന്നും വിവാഹം കഴിച്ചു പോകുന്ന സ്ത്രീകള്‍ക്ക് 1.3 മില്യണ്‍ ഡോളര്‍ കൊടുക്കുക എന്ന ആചാരമുണ്ട്. എന്നാല്‍ തനിക്കത് വേണ്ടെന്ന് പറഞ്ഞ് മാക്കോ അത് നിഷേധിക്കുകയായിരുന്നു. തന്റെ ജീവിതം താന്‍ ഇഷ്ടപ്പെടുന്ന ആളോടൊപ്പം ജീവിക്കാനാണ് ആഗ്രഹിക്കുന്നത് എന്നും മാക്കോ പറഞ്ഞു.