തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചു

0
52

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കുമെന്ന പൊതുമരാമത്ത് മന്ത്രിയുടെ വാഗ്ദാനം നടപ്പാകുന്നു. ഹോസ്റ്റലിന്റെ അറ്റകുറ്റപ്പണികള്‍ക്ക് തുടക്കമായി.
മെഡിക്കല്‍ കോളേജ് മെന്‍സ് ഹോസ്റ്റല്‍, ലേഡീസ് ഹോസ്റ്റല്‍ എന്നിവയുടെ പുനരുദ്ധാരണവും അറ്റകുറ്റപ്പണികളുമാണ് അതിവേഗം പുരോഗമിക്കുന്നത്. ടോയ്ലറ്റ്, വാതിലുകള്‍, ജനാലകള്‍ എന്നിവയുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി. മറ്റ് പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്.

പിജി ലേഡീസ് ഹോസ്റ്റലിലെ ടോയ്ലറ്റുകളുടെ പുനര്‍നിര്‍മ്മാണം ഉടന്‍ ആരംഭിക്കും. അതോടൊപ്പം ചുറ്റുമതില്‍ പുനര്‍നിര്‍മ്മാണവും നടത്തും. പിജി വനിതാ ഹോസ്റ്റലിന്റെ പുറം ഭാഗത്ത് ചുറ്റുമതിലും സെക്യൂരിറ്റി ക്യാബിനും വേണമെന്നത് വിദ്യാര്‍ത്ഥികളുടെ പ്രധാന ആവശ്യമായിരുന്നു. ഇതിനുവേണ്ടിയുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി, ടെണ്ടര്‍ നടപടികളിലേക്ക് കടക്കുകയാണ് . വനിതാ പിജി ഹോസ്റ്റലിന്റെ മുന്‍വശത്ത് സ്ട്രീറ്റ് ലൈറ്റ്, ഹോസ്റ്റല്‍ പരിസരങ്ങളില്‍ സിസിടിവി ക്യാമറ എന്നിവ സ്ഥാപിക്കുവാനുള്ള നടപടികളും പൊതുമരാമത്ത് വകുപ്പ് പരിശോധിക്കുന്നുണ്ട്.

ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ശോചനീയാവസ്ഥ സംബന്ധിച്ച് ‘വിദ്യാര്‍ത്ഥികള്‍ പരാതി ഉന്നയിച്ചതിനെ തുടര്‍ന്ന് സെപ്തംബര്‍ 24 ന് മന്ത്രി പി എ മുഹമ്മദ് റിയാസ് നേരിട്ടെത്തി ഹോസ്റ്റല്‍ സന്ദര്‍ശിച്ചിരുന്നു. അടിയന്തിരമായി അറ്റകുറ്റപ്പണി നടത്താന്‍ അവിടെവെച്ച് തന്നെ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ഇതേതുടര്‍ന്നാണ് പൊതുമരാമത്ത് വകുപ്പ് ബില്‍ഡിംഗ്സ് വിഭാഗം പ്രവൃത്തി ആരംഭിച്ചത്.