‘ബാബു’വിന്റെ ഓര്‍മയില്‍ ആ വീട് ഉയരും;അഞ്ചു പെണ്‍കുട്ടികള്‍ക്ക് ആശ്രയമായി ബാബു ചാഴികാടന്‍ ഫൗണ്ടേഷന്‍

0
54

കോട്ടയം: അനാഥത്വത്തിന്റെ വേദനയില്‍ നീറുന്ന അവര്‍ക്ക് തണലായി ബാബു ചാഴികാടന്‍ ഫൗണ്ടേഷന്‍. വീടെന്ന സ്വപ്‌നത്തിലേക്കുള്ള ആദ്യ ചുവടുവച്ച് ബാബുവിന്റെയും ജോളിയുടെയും പെണ്‍മക്കള്‍. ഇവര്‍ക്കുള്ള വീടിന്റെ തറക്കല്ലിടീല്‍ കര്‍മ്മം പാലാ രൂപതാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടില്‍ ഇന്നലെ കുറുപ്പന്തറയില്‍ നിര്‍വഹിച്ചു. 35 ലക്ഷം രൂപ മുടക്കി നിര്‍മിക്കുന്ന വീട് ബാബു ചാഴികാടന്റെ 31ാം ചരമവാര്‍ഷിക ദിനമായ അടുത്ത മേയ് 15 ന് മുന്‍പ് പൂര്‍ത്തിയാക്കി താക്കോല്‍ ദാനവും ഗൃഹപ്രവേശനവും നടത്താനാണ് പദ്ധതി.

കോവിഡ് ബാധിച്ചു മാതാപിതാക്കളെ നഷ്ടപ്പെട്ട് അനാഥരായ നാലു പെണ്‍കുട്ടികള്‍ക്കും അവരുടെ ഭിന്നശേഷിക്കാരിയായ പിതൃസഹോദരിക്കും വീട് നിര്‍മിച്ചു കൊടുക്കുമെന്ന് ബാബു ചാഴികാടന്‍ ഫൗണ്ടേഷന്‍ മേയില്‍ പ്രഖ്യാപിച്ചിരുന്നു. തുടര്‍ നടപടികള്‍ പെട്ടെന്നു പൂര്‍ത്തിയാക്കി വീടിന്റെ പണി തുടങ്ങുകയായിരുന്നു.

കുറുപ്പന്തറ കൊച്ചുപറമ്പില്‍ ബാബു (54) മേയ് രണ്ടിനാണു കോവിഡ് ബാധിച്ചു മരിച്ചത്. 11 ദിവസത്തിനു ശേഷം ഭാര്യ ജോളിയും (50) മരിച്ചു. ഇരുവരും കൂലിപ്പണി ചെയ്താണ് കുടുംബം പുലര്‍ത്തിയിരുന്നത്. നാലു പെണ്‍കുട്ടികളാണ് ദമ്പതികള്‍ക്ക്. മൂത്തമകള്‍ ചിഞ്ചു (25) ഫിസിയോ തെറപ്പിയും രണ്ടാമത്തെ മകള്‍ ദിയ ബാബു ജനറല്‍ നഴ്‌സിങ് വിദ്യാര്‍ഥിയുമാണ്. മൂന്നാമത്തെ മകള്‍ അഞ്ജു (18) പ്ലസ്ടുവിനും നാലാമത്തെ മകള്‍ ബിയ (14) ഒന്‍പതാം ക്ലാസിലും പഠിക്കുന്നു. 10 സെന്റും വീടുമാണ് ഇവരുടെ ആകെ സ്വത്ത്. ബാബുവിന്റെ സഹോദരി ഷൈബി ഇവര്‍ക്കൊപ്പമാണു താമസം. ഭിന്നശേഷിക്കാരിയായ ഷൈബി എംജി സര്‍വകലാശാലയിലെ താല്‍ക്കാലിക ജീവനക്കാരിയാണ്. ഇവര്‍ക്കു കൂടി സൗകര്യപ്പെടുന്ന രീതിയിലാണ് വീടിന്റെ നിര്‍മാണം.

ബാബു ചാഴികാടന്റെ ചരമവാര്‍ഷിക ദിനമായ മേയ് 15നാണ് നാലു പെണ്‍കുട്ടികള്‍ അടക്കം അഞ്ചു പേരുടെ വേദന വാര്‍ത്തയാകുന്നത്. ബാബു ചാഴികാടന്റെ ചരമവാര്‍ഷിക ദിനമായ അന്നു ചേര്‍ന്ന ഫൗണ്ടെഷന്‍ യോഗത്തില്‍ കുടുംബത്തിന്റെ സംരക്ഷണം ഏറ്റെടുക്കാന്‍ തീരുമാനിച്ചു. ചരമവാര്‍ഷിക ദിനത്തില്‍ വാര്‍ത്ത വന്നതും കുട്ടികളുടെ പിതാവിന്റെ പേര് ബാബു എന്ന് ആയതുമാണ് ഇത്തരമൊരു തീരുമാനം പെട്ടെന്ന് എടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കൂടിയായ തോമസ് ചാഴികാടന്‍ എംപി പറഞ്ഞു.

കുട്ടികളുടെ പേരിലുള്ള 10 സെന്റ് സ്ഥലത്ത് രണ്ടു നിലയില്‍ 1800 സ്‌ക്വയര്‍ ഫീറ്റ് വീടാണ് നിര്‍മിച്ചു നല്‍കുക. കോവിഡ് ബാധിച്ച് മാതാപിതാക്കള്‍ മരിച്ച കുട്ടികളുടെ സംരക്ഷണത്തിനു പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തില്‍ നിര്‍ണായകമായത് ഇവരുടെ അവസ്ഥയാണ്. കുട്ടികളുടെ സംരക്ഷണത്തിനായി സര്‍ക്കാര്‍ സഹായം തേടി മന്ത്രി റോഷി അഗസ്റ്റിന്‍, തോമസ് ചാഴികാടന്‍ എംപി എന്നിവര്‍ മുഖ്യമന്ത്രിയെ കണ്ടു നിവേദനം നല്‍കിയിരുന്നു.

തറക്കല്ലിടില്‍ കര്‍മ്മത്തില്‍ മണ്ണാറപ്പാറ സെയിന്റ് സേവ്യഴ്‌സ് പള്ളി വികാരി ഫാ. എബ്രഹാം കുപ്പപ്പുഴക്കല്‍, തോമസ് ചാഴികാടന്‍ എംപി, പാസ്റ്ററല്‍ അസിസ്റ്റന്റ് ഫാ. തോമസ് വലിയവീട്ടില്‍, അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് താന്നിയ്ക്കപ്പാറ, ഫാ. ജോസഫ് തെരുവില്‍, ഫൗണ്ടേഷന്‍ സെക്രട്ടറി റോയ് മാത്യു, ട്രഷറര്‍ പ്രൊഫ: ബാബു തോമസ് പൂഴിക്കുന്നേല്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ഡോ കുര്യാസ് കുമ്പളകുഴി, സിറിയക് ചാഴികാടന്‍, ബാബു ചാഴികാടന്റെ കുടുംബാംഗങ്ങള്‍, ജോണി കണ്ടാരപ്പള്ളി , ഡോ ജോര്‍ജ് എബ്രഹാം, സീന കൊട്ടാരം തുടങ്ങിയവര്‍ പങ്കെടുത്തു.