ഇന്നും നാളെയും മഴ കനക്കും,ഇന്ന് 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
59

തിരുവനന്തപുരം: ഇന്നുമുതൽ ഒക്ടോബർ 23 ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപകമായി അതിശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.ഇന്ന് തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലും നാളെ കണ്ണൂർ, കാസർകോഡ് ജില്ലകൾ ഒഴികെ മുഴുവൻ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

നിലവിലുള്ള സൂചന പ്രകാരം അതിശക്തമായ മഴ കൂടുതലായും കേരളത്തിന്റെ കിഴക്കൻ മലയോര മേഖലയിലും പശ്ചിമഘട്ട മേഖലയിലുമായിരിക്കും കേന്ദ്രീകരിക്കുക. സംസ്ഥാനത്തെ ഉരുൾപൊട്ടൽ സാധ്യത മേഖയിലാകെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

22 വരെ മത്സ്യബന്ധനം വിലക്കി. കിഴക്കൻ മലയോര, പശ്ചിമഘട്ട മേഖലകളിലും നദീതീരങ്ങളിലും പ്രത്യേക ജാഗ്രതാ നിർദേശമുണ്ട്.

പകൽ സമയത്ത് മഴ മാറി നിൽക്കുന്നത് കൊണ്ട് അമിതമായ ആത്മവിശ്വാസം ദുരന്ത സാധ്യത പ്രദേശങ്ങളിലുള്ള ജനങ്ങളോ ഉദ്യോഗസ്ഥരോ കാണിക്കരുതെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. കാലാവസ്ഥ മുന്നറിയിപ്പിൽ മാറ്റങ്ങൾ വരാവുന്നതും ചിലപ്പോൾ തെറ്റുകൾ സംഭവിക്കാവുന്നതുമാണ്. അതുകൊണ്ട് ദുരന്ത നിവാരണ അതോറിറ്റി പ്രഖ്യാപിക്കുന്ന അതീവ ജാഗ്രത നിർദേശം പിൻവലിക്കുന്നത് വരെ സുരക്ഷാ മാർഗ നിർദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്, അദ്ദേഹം പറഞ്ഞു.