പ്രായം തളർത്താത്ത പോരാട്ടവീര്യം; വിപ്ലവ നായകൻ വിഎസ് അച്യുതാനന്ദന് ഇന്ന് 98-ാം പിറന്നാൾ

0
68

കോഴിക്കോട്: പ്രായം തളർത്താത്ത പോരാട്ടവീര്യം, മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് ഇന്ന് തൊണ്ണൂറ്റിയെട്ട് വയസ്. അടിയുറച്ച നിലപാടുകളും തിരുത്താൻ തയ്യാറാകാത്ത തീരുമാനങ്ങളുമാണ് വി എസ് എന്ന ജനനായകനെ പ്രിയപ്പെട്ടതാക്കുന്നതും. പൊതു രാഷ്ട്രീയ രംഗത്ത് നിന്നും രണ്ട് വർഷമായി അവധി എടുത്ത വിഎസ് തിരുവനന്തപുരത്തെ ‘വേലിക്കകത്ത്’ വീട്ടിൽ വിശ്രമ ജീവിതത്തിലാണ്. കഴിഞ്ഞ എൽഡിഎഫ് ഗവൺമെൻറിൻറെ കാലത്ത് ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷനായിരുന്ന വിഎസ് 2021 ജനുവരിയിൽ അത് ഒഴിഞ്ഞിരുന്നു.

16 വയസ്സു മുതൽ വിപ്ലവ പ്രസ്ഥാനത്തിന്റെ ഭാഗമായി പ്രവർത്തിക്കാൻ തുടങ്ങി. തൊഴിലാളി പ്രസ്ഥാനങ്ങളിലൂടെ പൊതുപ്രവർത്തനങ്ങളിൽ സജീവമായ അദ്ദേഹം പിന്നീട് 1957ൽ പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റിൽ അംഗത്വം നേടി. 1964ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ദേശീയ കോൺഗ്രസ്സിൽ നിന്നിറങ്ങി വന്ന് 32 പേർ ചേർന്ന് പാർട്ടി രൂപീകരിച്ചതിൽ ഇന്നു ജീവിച്ചിരിക്കുന്ന ഏക വ്യക്തിയും വി എസ് അച്ചുതാനന്ദനാണ്.

2019 ഒക്ടോബറിൽ പുന്നപ്ര വയലാർ രക്തസാക്ഷിത്വ ദിനാചരണത്തിന് ശേഷം തിരുവനന്തപുരത്ത് മടങ്ങിയെത്തിയ വിഎസ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. തുടർന്ന് ഇദ്ദേഹത്തിന് പൂർണ്ണ വിശ്രമം ഡോക്ടർമാർ നിർദേശിച്ചു. പത്രവായനയും, ടെലിവിഷൻ വാർത്തകൾ കാണുന്നതും മുടക്കാറില്ല. ലളിതമായ ചടങ്ങുകളോടെ കുടുംബാഗങ്ങൾ വിഎസിൻറെ പിറന്നാൾ ആഘോഷിക്കും.

വിഎസ് ധീരതയോടെ തലയുയർത്തി തന്നെ എല്ലാം നേരിട്ടു. ഇന്നും തന്റെ ഉറച്ച നിലപാടുകളോടെ, പോരാട്ടത്തിന്റെ അണയാത്ത ജ്വാലയായി 98 -ാം വയസിലും തളരാത്ത വീര്യമായി വിഎസ് യാത്ര തുടരുന്നു.