ആരോഗ്യ മേഖലയിലെ ജീവനക്കാര്‍ക്ക് കുടുംബ വിസ: ശുപാര്‍ശ നല്‍കി കുവൈത്ത്

0
79

കുവൈത്ത് സിറ്റി: ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് കുടുംബത്തെ കൊണ്ടുവരുന്നതിന് വിസ അനുവദിക്കാമെന്ന് ശുപാര്‍ശ ചെയ്ത് കുവൈത്ത്. താമസാനുമതികാര്യ വിഭാഗമാണ് ഇക്കാര്യം സംബന്ധിച്ച ശുപാര്‍ശ നല്‍കിയത്.

താമസാനുമതികാര്യ വിഭാഗം കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലാണ് ശുപാര്‍ശ തയാറാക്കിയത്. ആഭ്യന്തരമന്ത്രി ഷെയ്ഖ് താമിര്‍ അല്‍ അലി അല്‍ സബാഹിന്റെ നേതൃത്വത്തില്‍ മന്ത്രാലയം അധികൃതരുടെ പരിശോധനയ്ക്ക് ശേഷം ശുപാര്‍ശ മന്ത്രിസഭയുടെ പരിഗണനയ്ക്കായി സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. മന്ത്രിസഭാ തീരുമാനം അനുസരിച്ചാകും ശുപാര്‍ശ പ്രാബല്യത്തില്‍ വരുത്തുന്നത്. പൊതുമേഖലയിലും സ്വകാര്യമേഖലയിലും ജോലി ചെയ്യുന്നവരുമായി ബന്ധപ്പെട്ട് വ്യത്യസ്ത രീതിയിലുള്ള ശുപാര്‍ശകളാണ് താമസകാര്യ വകുപ്പ് തയാറാക്കിയിട്ടുള്ളത്.

ആരോഗ്യമന്ത്രാലയം, പ്രതിരോധ മന്ത്രാലയം, നാഷനല്‍ ഗാര്‍ഡ്, നാഷനല്‍ പെട്രോളിയം കോര്‍പറേഷന്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഭാര്യയെയും കുട്ടികളെയും കൊണ്ടുവരുന്നതിന് കുടുംബ വിസ അനുവദിക്കാനാണ് ശുപാര്‍ശയുള്ളത്. വനിതാ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ഭര്‍ത്താവിനെയും 16 ല്‍ താഴെ പ്രായമുള്ള മക്കളെയും കൊണ്ടുവരുന്നതിന് കുടുംബ വിസയും ഡോക്ടര്‍, നഴ്‌സ് അല്ലാത്ത വനിതാ മെഡിക്കല്‍ ജീവനക്കാര്‍ക്ക് ഭര്‍ത്താവിനെയും മക്കളെയും കൊണ്ടുവരുന്നതിന് ടൂറിസ്റ്റ് വിസിറ്റ് വിസ അനുവദിക്കുന്നതിനും ശുപാര്‍ശയുണ്ട്.

ക്ലിനിക്കുകള്‍ അല്ലാത്ത സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യുന്ന വനിതാ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും 16 ല്‍ താഴെ പ്രായമുള്ള മക്കളെ കൊണ്ടുവരുന്നതിന് നിബന്ധനകള്‍ക്ക് വിധേയമായി കുടുംബ വിസ അനുവദിക്കാനും സ്വകാര്യ ആശുപത്രികളില്‍ (ക്ലിനിക് അല്ലാത്തവ) ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ഭാര്യയെയും കുട്ടികളെയും കൊണ്ടുവരുന്നതിന് നിബന്ധനകള്‍ക്ക് വിധേയമായി കുടുംബ വിസ അനുവദിക്കാനും ശുപാര്‍ശ നല്‍കിയിട്ടുണ്ട്.