ശക്തി ചോർന്ന്‌ ഇന്ത്യൻ പാസ്‌പോർട്ട്‌

0
78

ഇന്ത്യൻ പാസ്‌പോർട്ടിന്റെ ശക്തി ചോരുന്നുവെന്ന്‌ റിപ്പോർട്ട്‌. കഴിഞ്ഞ പത്തുവർഷത്തിനിടയിൽ ഇന്ത്യൻ പാസ്‌പോർട്ടിന്റെ റാങ്കിങ്‌ ഇടിയുകയാണ്‌. 2021ലെ ഹെൻലി പാസ്‌പോർട്ട്‌ സൂചിക പ്രകാരം കഴിഞ്ഞ തവണത്തെ റാങ്കിൽനിന്ന്‌ ഇന്ത്യ വീണ്ടും പുറകോട്ട്‌ പോയി. 2020ലെ സൂചികയിൽ 84–-ാം സ്ഥാനത്തായിരുന്നു. ഇത്തവണ 90–-ാം സ്ഥാനത്തേക്ക്‌ കൂപ്പുകുത്തി.

മുൻകൂട്ടി വിസ നേടാതെ രാജ്യത്തിന്റെ പാസ്‌പോർട്ട്‌ ഉപയോഗിച്ച്‌ മറ്റ്‌ രാജ്യങ്ങളിൽ പ്രവേശിക്കാൻ കഴിയുന്നതിന്റെ അടിസ്ഥാനത്തിലാണ്‌ ഹെൻലി ആൻഡി പാർട്‌നേഴ്‌സ്‌ പാസ്‌പോർട്ട്‌ സൂചിക തയ്യാറാക്കുന്നത്‌. കൂടുതൽ രാജ്യങ്ങളിലേക്ക്‌ വിസയില്ലാതെ പ്രവേശിപ്പിക്കാൻ കഴിഞ്ഞാൽ അതിനെ ശക്തമായ പാസ്‌പോർട്ട്‌ എന്നാണ്‌ വിലയിരുത്തുന്നത്‌.

ഇന്ത്യൻ പാസ്‌പോർട്ടിൽ 58 രാജ്യത്തേക്ക്‌ മാത്രമാണ്‌ ഇത്തരത്തിൽ പ്രവേശനം അനുവദിച്ചിട്ടുള്ളത്‌. 192 രാജ്യത്ത്‌ വിസയില്ലാതെ പ്രവേശനം സാധ്യമാക്കുന്ന ജപ്പാൻ, സിംഗപ്പുർ പാസ്‌പോർട്ടുകളാണ്‌ പട്ടികയിൽ ഒന്നാമത്‌. ഇന്ത്യയുടെ മികച്ച റാങ്കിങ്‌ 2006ൽ ലഭിച്ച 71 ആണ്‌. റാങ്കിങ്‌ ഇടിയാൻ കാരണം വിസ ഓൺ അറൈവൽ അടക്കമുള്ള സംവിധാനങ്ങൾ ഒരുക്കുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടതാണ്‌.