ഇടുക്കി ഡാം തുറന്നു ; വെള്ളമൊഴുക്കുന്ന പ്രദേശങ്ങളിൽ ജാഗ്രതാ നിർദേശം

0
54

ഇടുക്കി ഡാം തുറന്നു. ചെറുതോണി ഡാമിന്റെ മൂന്നാം ഷട്ടർ 35 സെന്റിമീറ്ററാണ് ഉയർത്തിയത്. ഡാമിന്റെ രണ്ടും മൂന്നും നാലും ഷട്ടറുകൾ ഘട്ടംഘട്ടമായി ഉയർത്തും. സെക്കൻഡിൽ ഒരുലക്ഷം ലിറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുകുന്നത്. മന്ത്രിമാരുടെ സാന്നിധ്യത്തിൽ മൂന്നാമത്തെ ഷട്ടറാണ് ആദ്യം തുറന്നത്. പെരിയാറിലെ ജലനിരപ്പ് ഒരു മീറ്റർ ഉയരും. വൈകിട്ട് നാലുമണിയോടെ ആലുവ, കാലടി മേഖലയിലെത്തും. 2018ലെ അപേക്ഷിച്ച് പത്തിലൊരു ഭാഗം മാത്രം വെള്ളമാണ് ഇത്തവണയൊഴുക്കുന്നത്.

രാവിലെ 10.55ന് ആദ്യമുന്നറിയിപ്പായി സൈറൺ മുഴങ്ങി. മൂന്ന് മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങിയ ശേഷമാണ് ഷട്ടർ തുറന്നത്. വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി, ജലസേചന മന്ത്രി റോഷി അഗസ്റ്റിൻ, ജില്ലാ കളക്ടർ ഷീബ ജോർജ് , വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിലാണ് ഷട്ടർ തുറന്നത്. ഡാമിന്റെ ജലനിരപ്പ് 2397.96 അടിയായ സാഹചര്യത്തിലാണ് ഡാം തുറന്നത്. ചെറുതോണിയിലെ ജലനിരപ്പ് വിലയിരുത്തി അഞ്ചുമിനിറ്റിന് ശേഷമാണ് രണ്ടാമത്തെ ഷട്ടർ തുറക്കുന്നത്.

ഇടുക്കി, വാത്തിക്കുടി, തങ്കമണി, കഞ്ഞിക്കുഴി മേഖലകളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഡാം മേഖലയിലേക്ക് രാത്രികാല യാത്ര വേണ്ടെന്നും പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇടുക്കിയിൽനിന്ന് വെള്ളമൊഴുക്കുന്ന പ്രദേശങ്ങളിലെല്ലാമാണ് ജാഗ്രതാനിർദേശം. പൊതുജനങ്ങളും അധികാരികളും ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ കലക്ടർ അറിയിച്ചിട്ടുണ്ട്.