ഏവര്‍ക്കും നബിദിനാശംസകള്‍

0
159

ചരിത്രകാരന്മാർ ഇരുണ്ട യുഗമെന്ന് വിക്ഷേപിച്ച ആറാം നൂറ്റാണ്ടിൽ സകല തിന്മകളുടെയും വിളനിലമായ അറേബ്യൻ മരുഭൂമിയിൽ ഭൂജാതനായി സത്യത്തിന്റെയും സമാധാനത്തിയും സ്നേഹത്തിന്റെയും സന്ദേശം പ്രബോധനം ചെയ്തു ലോക ചരിത്രത്തിൽ തുല്ല്യതയില്ലാത്ത വിപ്ലവം സാധിച്ചെടുത്ത മഹാപരിഷ്കർത്താവാണ് മുഹമ്മദ് നബി ( സ).
മുഹമ്മദ് നബി (സ) സാധിച്ചെടുത്ത സാമൂഹിക, സാംസ്കാരിക, സാമ്പത്തിക, രാഷ്ട്രീയ രംഗത്തെ മാറ്റങ്ങൾ മനസ്സിലാക്കാൻ നബി ( സ) ജനിച്ച കാലവും സമൂഹവും നാം പഠന വിധേയമാക്കണം. മദ്യവും പെണ്ണും യുദ്ധവും മാത്രം ജീവിതമായി കണ്ടിരുന്നവർ, മരണ ശേഷം മുന്തിരി വള്ളികൾക്കു കീഴെ മറവു ചെയ്യണമെന്ന് വസിയ്യത്ത് ചെയ്ത കുടിയന്മാരുടെയും പെണ്ണിന്റെ മാനത്തിനോ അഭിമാനത്തിനോ വിലകൽപ്പിക്കാതെ വെറും ഭോഗവസ്തുവായി കണ്ടവർ, നിസാര കാര്യങ്ങളിലുടക്കി ശതക്കണക്കിനു വർഷം യുദ്ധം ചെയ്തവർ എല്ലാത്തിലും ഉപരിയായി ലോക പരിപാലകനിയ അല്ലാഹുവിനെ നിഷേധിച്ചു സകല ചേതന അചേതന വസ്തുക്കളെയും തങ്ങളുടെ ആരാധ്യനായി സാഷ്ടാംഗം വണങ്ങുന്ന ഒരു സമൂഹത്തെ തൗഹീദ് വാക്താക്കളാക്കി ബഹുദൈവ വിശ്വാസത്തെ നരാഗാഗ്നിയിൽ വീഴുന്നതിനേക്കാൾ വെറുക്കുന്നവരാക്കി. അയൽവാസി കാഫിറാണെങ്കിലും അവനെ സ്നേഹിക്കാനും ബഹുമാനിക്കാനും കരുതലോടെ ചേർത്തു പിടിക്കാനും തയ്യാറായി നിൽക്കുന്ന സമുദായി മാറ്റി, സ്ത്രീ മാനിക്കപ്പെടേണ്ടവളും സ്വർഗ കവാടം മാതാവിന്റെ കാൽ കീഴിലാണെന്നും സ്വത്തിൽ അവൾക്ക് അർഹമായ വിഹിതം നൽകണമെന്നും കൽപ്പിച്ചു സ്ത്രീത്വത്തെ ബഹുമാനിക്കുന്ന ഒരു സംഘമായി അനുയായികളെ പരിവർത്തിപ്പിച്ച, സമ്പൂർണ്ണ മദ്യ നിരോധനം ഏർപ്പെടുത്തി മാതൃകാ യോഗ്യരായ ഒരു അനുയായി വൃന്ദത്തെ ലോകത്തിനു മുമ്പിൽ സമർപ്പിച്ചാണ്  നബി ഉപരി ലോകത്തുനിന്നും വിടവാങ്ങിയത്.