സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാത്തീയതി പ്രഖ്യാപിച്ചു

0
67

സിബിഎസ്ഇ 2021-22 വര്‍ഷത്തെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാത്തീയതികള്‍ പ്രഖ്യാപിച്ചു. സിബിഎസ്ഇ പത്താം ക്ലാസിലെ ആദ്യടേം പരീക്ഷ നവംബര്‍ 30 മുതല്‍ ഡിസംബര്‍ പതിനൊന്ന് വരെ നടക്കും. പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഡിസംബര്‍ ഒന്നുമുതല്‍ 22 വരെ നടക്കും. പരീക്ഷാ നടത്തിപ്പിന്റെ എളുപ്പത്തിനു വേണ്ടി മേജർ, മൈനർ വിഷയങ്ങളായി തരം തിരിച്ചാണ് ആദ്യ ടേം പരീക്ഷ നടത്തുക. ഹിന്ദി, കണക്ക്, സയൻസ്, ഇംഗ്ലിഷ് തുടങ്ങിയ വിഷയങ്ങൾ മേജർ വിഭാഗത്തിലും തമിഴ്, മലയാളം തുടങ്ങിയ ഭാഷകൾ, സംഗീതം തുടങ്ങിയവ മൈനർ വിഭാഗത്തിലുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

മേജർ വിഷയങ്ങൾ അതതു സ്കൂളുകളിൽ നടക്കും. മൈനർ വിഷയങ്ങളിൽ വിദ്യാർഥികൾ കുറവായതിനാൽ വിവിധ സ്കൂളുകളെ ചേർത്ത് ഒരിടത്തു നടത്താനാണു തീരുമാനം. സിബിഎസ്ഇ 10–ാം ക്ലാസിൽ 114 വിഷയങ്ങളും 12ൽ 75 വിഷയങ്ങളുമാണു പഠിപ്പിക്കുന്നത്. 90 മിനിറ്റ് ദൈർഘ്യമുള്ള ഒബ്ജക്ടീവ് പരീക്ഷകൾ രാവിലെ 11.30നാകും ആരംഭിക്കുക. മാർച്ച്–ഏപ്രിലിൽ നടക്കുന്ന രണ്ടാം ടേം പരീക്ഷയ്ക്കു ശേഷമാകും അന്തിമ ഫലം പ്രസിദ്ധീകരിക്കുക

അതേസമയം കനത്ത മഴ പെയ്യുന്ന പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിയതായി എംജി സര്‍വകലാശാല അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും. സാങ്കേതിക സര്‍വകലാശാല പരീക്ഷകള്‍ മാറ്റി. ബുധനാഴ്ചയും വെള്ളിയാഴ്ചയും നടത്താനിരുന്ന ബിടെക് രണ്ടാം സെമസ്റ്റര്‍ പരീക്ഷകളാണ് സാങ്കേതിക സര്‍വകലാശാല മാറ്റിവെച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

മഴയുടെ പശ്ചാത്തലത്തില്‍ പിഎസ് സിയും പരീക്ഷകള്‍ മാറ്റിവെച്ചിട്ടുണ്ട്. 21,23 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് പിഎസ് സി അറിയിച്ചു. ഇന്നും നാളെയും മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും ബുധനാഴ്ച മുതല്‍ മഴ വീണ്ടും ശക്തമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ബുധനാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ കേരളത്തില്‍ പരക്കെ മഴ പെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയത്.