Saturday
10 January 2026
31.8 C
Kerala
HomeKeralaപ്രളയഭീതി നേരിടാൻ സജ്ജമെന്ന് മുഖ്യമന്തിയുടെ ഓഫീസ്

പ്രളയഭീതി നേരിടാൻ സജ്ജമെന്ന് മുഖ്യമന്തിയുടെ ഓഫീസ്

സംസ്​ഥാനം​ പ്രളയഭീതിയിലായതോടെ വിവിധ നടപടികളുമായി സര്‍ക്കാര്‍. ഏത്​ സാഹചര്യവും നേരിടാന്‍ സജ്ജമെന്ന്​ മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു​. മഴ ശക്തമാകുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ കര്‍ശനമായ ജാഗ്രത പുലര്‍ത്താനും സര്‍ക്കാര്‍ സംവിധാനങ്ങള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ വിട്ടുവീഴ്ചയില്ലാതെ പാലിക്കാനും ശ്രദ്ധിക്കണം. അടിയന്തിര സാഹര്യങ്ങളില്‍ പൊതുജനങ്ങള്‍ക്ക് 112 എന്ന നമ്പറിൽ ഏത് സമയവും ബന്ധപ്പെടാവുന്നതാണ്. എയര്‍ഫോഴ്​സും സന്നദ്ധ സേനയും സിവില്‍ ഡിഫെന്‍സും സജ്ജമായിട്ടുണ്ട്​.

അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തിന്റെ ഭാഗമായാണ്​ സംസ്ഥാനത്ത് മഴ ശക്തമായത്​.​ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്​. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ റെഡ് അലര്‍ട്ടും കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. കേരളത്തിലുട നീളം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സാഹചര്യത്തിന്റെ ഗൗരവം പരിഗണിച്ച്‌ സംസ്ഥാന അടിയന്തര കാര്യനിര്‍വഹണ കേന്ദ്രം കൂടുതല്‍ സജീവമാക്കുകയും ഡാമുകളിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കെ.എസ്.ഇ.ബി, ഇറിഗേഷന്‍ വകുപ്പുകളുടെ പ്രതിനിധികളെ വിന്യസിച്ചു. ബന്ധപ്പെട്ട എല്ലാ വകുപ്പു മേധാവികളോടും ഏതു അടിയന്തര സാഹചര്യവും നേരിടാന്‍ സുസജ്ജരായിരിക്കണമെന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അടിയന്തര സാഹചര്യങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി പോലീസ് സേനയെ മുഴുവനായും സജ്ജമാക്കാന്‍ നിര്‍ദ്ദേശം നല്‍കി. ജില്ലകളില്‍ സ്പെഷ്യല്‍ കണ്‍ട്രോള്‍ റൂം തുറക്കാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലാ കളക്ടര്‍, ജില്ലാ ദുരന്തനിവാരണ അതോറിറ്റി എന്നിവരുമായി ചേര്‍ന്ന് പോലീസ് സംവിധാനം പ്രവര്‍ത്തിക്കും. മണ്ണ് ഇടിച്ചിലും വെള്ളപ്പൊക്കവും സംഭവിക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കും. ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ പ്രത്യേക പോലീസ് സുരക്ഷ ഏര്‍പ്പെടുത്താനും ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

RELATED ARTICLES

Most Popular

Recent Comments