കോവിഡ് വ്യാപനനിരക്ക് ഉയർന്നതിനാൽ ജില്ലയിലെ 15 വാർഡുകളിൽ അർദ്ധരാത്രി മുതൽ തീവ്ര കർശന ലോക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.
പ്രതിവാര അണുബാധ ജനസംഖ്യാ അനുപാതം 10-ൽ കൂടുതൽ ആയതിനാൽ അമ്പൂരി പഞ്ചായത്ത് (വാർഡ്-3), അരുവിക്കര (3, 8, 11, 17), ഇടവ പഞ്ചായത്ത് (8), ഇലകമൺ പഞ്ചായത്ത് (8), കടയ്ക്കാവൂർ പഞ്ചായത്ത് (13), കല്ലിയൂർ പഞ്ചായത്ത് (13), കരകുളം പഞ്ചായത്ത് (1), കിളിമാനൂർ പഞ്ചായത്ത് (4), നെല്ലനാട് പഞ്ചായത്ത് (15), ഒറ്റൂർ പഞ്ചായത്ത് (4), വാമനപുരം പഞ്ചായത്ത് (6), വെള്ളനാട് പഞ്ചായത്ത് (16) എന്നീ വാർഡുകളിലാണ് ലോക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
ഭക്ഷ്യവസ്തുക്കൾ, പലചരക്ക്, പഴങ്ങൾ, പച്ചക്കറികൾ, പാൽ ഉൽപന്നങ്ങൾ, മാസം, മത്സ്യം, മൃഗങ്ങൾക്കുള്ള ഭക്ഷ്യസാധനങ്ങൾ, കാലിത്തീറ്റ, കോഴിത്തീറ്റ തുടങ്ങിയവ വിൽക്കുന്ന കടകൾ, ബേക്കറികൾ എന്നിവക്ക് മാത്രമേ ഈ പ്രദേശങ്ങളിൽ പ്രവർത്തനാനുമതിയുണ്ടാകൂ. രാവിലെ ഏഴു മുതൽ വൈകീട്ട് ഏഴുവരെ ഇവ തുറക്കാം. റേഷൻ കടകൾ, മാവേലി സ്റ്റോറുകൾ, സപ്ലൈകോ ഷോപ്പുകൾ, മിൽമ ബൂത്തുകൾ തുടങ്ങിയവ ദിവസവും വൈകീട്ട് അഞ്ചു വരെ തുറക്കാം. റസ്റ്റാറൻറുകളും ഹോട്ടലുകളും രാവിലെ ഏഴു മുതൽ വൈകീട്ട് 7.30 വരെ ഹോം ഡെലിവറിക്കുമാത്രമായി തുറക്കാം. ഡൈൻ-ഇൻ, ടേക്ക് എവേ, പാർസൽ തുടങ്ങിയവ അനുവദിക്കില്ല.
ജനം പരമാവധി വീടിനടുത്തുള്ള കടകളിൽനിന്ന് സാധനങ്ങൾ വാങ്ങണം. മേൽപറഞ്ഞ വിഭാഗത്തിൽപ്പെടുന്നതല്ലാത്ത എല്ലാ കടകളും അടച്ചിടും. ചന്തകൾ പ്രവർത്തിക്കാൻ അനുവദിക്കില്ല. ഇ-കൊമേഴ്സ് സ്ഥാപനങ്ങൾ ഡെലിവറിക്കായി രാവിലെ ഏഴു മുതൽ ഉച്ചക്ക് രണ്ടുവരെ പ്രവർത്തിക്കാം. കണ്ടെയ്ൻമെൻറ് സോൺ ശക്തമായ പൊലീസ് നിയന്ത്രണത്തിലായിരിക്കും.
കൺടെയ്ൻമെന്റ് സോണിൽനിന്നു ഒഴിവാക്കി
കോവിഡ് 19 രോഗവ്യാപന നിരക്ക് നിയന്ത്രണ വിധേയമായതിനെത്തുടർന്ന് നെടുമങ്ങാട് നഗരസഭയിലെ കൊപ്പം, പൂങ്കമൂട്, വെള്ളനാട് പഞ്ചായത്തിലെ വാളിയറ വാർഡുകളെ കൺടെയ്ൻമെന്റ് സോണിൽനിന്ന് ഒഴിവാക്കിയതായി കളക്ടർ അറിയിച്ചു.