മോന്‍സന്‍ മാവുങ്കലിന്റെ പക്കല്‍ ബോളിവുഡ് നടി കരീന കപൂറിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത പോര്‍ഷെ കാറും

0
89

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്റെ പക്കല്‍ ബോളിവുഡ് നടി കരീന കപൂറിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത പോര്‍ഷെ കാറും. ഒരു വര്‍ഷമായി ചേര്‍ത്തല പൊലീസ് സ്റ്റേഷന്‍ കോംപൗണ്ടില്‍ പൊടിപിടിച്ചു കിടക്കുകയാണ് പോര്‍ഷെ ബോക്സ്റ്ററെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. ശ്രീവത്സം ഗ്രൂപ്പുമായുള്ള കേസിനെത്തുടര്‍ന്നാണ് കാര്‍ പോലീസ് പിടിച്ചെടുത്തത്.

ശ്രീവത്സം ഗ്രൂപ്പുമായുള്ള കേസില്‍ ഇരുപതോളം കാറുകളാണ് മോന്‍സന്റെ പക്കല്‍നിന്ന് പോലീസ് പിടിച്ചെടുത്തത്. അതില്‍ ഒരു കാറാണ് കരീന കപൂറിന്റെ പേരിലുള്ള രജിസ്ട്രേഷനില്‍ ഇപ്പോഴും തുടരുന്നത്. മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള ഈ കാറിന്റെ രജിസ്ട്രേഷന്‍ ഇതുവരെ മാറ്റാത്തത് എന്തു കൊണ്ടെന്നതില്‍ വ്യക്തതയില്ല. 2007ല്‍ മുംബൈയില്‍ രജിസ്റ്റര്‍ ചെയ്തതാണ് വാഹനം. കരീന കപൂറിന്റെ മുംബൈയിലുള്ള വിലാസത്തിലാണ് കാറിന്റെ രജിസ്ട്രേഷനുള്ളത്.

മോന്‍സന്റെ വീട്ടിലും ചേര്‍ത്തല പോലീസ് സ്റ്റേഷനിലും കലൂരിലുമടക്കം കിടക്കുന്ന വാഹനങ്ങള്‍ എല്ലാം പല സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്തവയാണ്. ഇവയില്‍ മിക്കതിനും കൃത്യമായ രേഖകളില്ല എന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ സ്റ്റേഷന്‍ കോംപൗണ്ടില്‍ സൂക്ഷിച്ചിരിക്കുന്ന പോര്‍ഷെ ബോക്സ്റ്റര്‍ കാറിന്റെ രജിസ്ട്രേഷന്‍ കരീനയുടെ പേരില്‍ നിന്ന് മറ്റാരുടേയും പേരിലേക്ക് മാറ്റിയിട്ടില്ല.