21 കോടിയുടെ സുല്‍ത്താന്‍ കുഴഞ്ഞുവീണു മരിച്ചു. നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ച് സോഷ്യല്‍ മീഡിയയിലെ താരമായിരുന്ന ഈ ആജാനുബാഹുവിന്റെ മരണം താങ്ങാനാകാതെ ഉടമ. 21 കോടി രൂപ വിലമതിപ്പുള്ള പോത്ത് എന്നതാണ് സുല്‍ത്താനെ വാര്‍ത്തകളിലെ താരമാക്കിയത്. സുല്‍ത്താന്‍ ജോടെ എന്നായിരുന്നു മുഴുവന്‍ പേര്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് അറിയുന്നത്.
2013 ല്‍ അഖിലേന്‍ഡ്യാ അനിമല്‍ ബ്യൂടി മത്സരത്തില്‍ ഹരിയാന സൂപെര്‍ ബുള്‍ ജജ്ജാര്‍, കര്‍ണാല്‍, ഹിസാര്‍ എന്നീ പുരസ്‌ക്കാരങ്ങള്‍ സുല്‍ത്താന്‍ ജോടെയ്ക്ക് ലഭിച്ചു. സുല്‍ത്താന് ആറടി നീളവും ഒരു ടണ്‍ ഭാരവുമുണ്ടെന്ന് ഉടമ നരേഷ് പറഞ്ഞു. സുല്‍ത്താന്‍ ദിവസവും 10 ലിറ്റര്‍ പാലും 20 കിലോ കാരറ്റും 10 കിലോ പച്ചിലയും, കിലോ കണക്കിന് ആപ്പിളും, 12 കിലോ വൈക്കോലും ഒക്കെ കഴിക്കും. വൈകുന്നേരങ്ങളില്‍ വീര്യം കുറഞ്ഞ മദ്യവും വീഞ്ഞുമൊക്കെ കുടിക്കുന്നതും സുല്‍ത്താന്റെ സവിശേഷതയാണെന്നും ഉടമ പറഞ്ഞു.
സുല്‍ത്താന് വിസ്‌കി വളരെ ഇഷ്ടമാണ്. വിസ്‌കി കഴിക്കുന്ന ഫോടോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഹരിയാനയിലെ കൈത്ത ബുരാഖേര ഗ്രാമവാസിയായ നരേഷ് ബെനിവാലെയാണ് സുല്‍ത്താനെ കുട്ടിക്കാലം മുതല്‍ വളര്‍ത്തിയത്. ഇപ്പോള്‍ 14 വര്‍ഷമായി സുല്‍ത്താനെ കയ്യില്‍ കിട്ടിയിട്ട്.
സുല്‍ത്താന്റെ വില 21 കോടി രൂപയായി ഉയര്‍ന്നിട്ടും രാജസ്ഥാനിലെ പുസ്‌കര്‍ കന്നുകാലി മേളയില്‍ സുല്‍ത്താനെ വില്‍ക്കാന്‍ ഉടമ നരേഷ് തയ്യാറായിരുന്നില്ല. എത്ര കോടികള്‍ ലഭിച്ചാലും സുല്‍ത്താനെ വില്‍ക്കില്ലെന്നായിരുന്നു നരേഷ് അന്ന് പറഞ്ഞത്. സുല്‍ത്താന്‍ സ്വന്തം കുട്ടിയെപ്പോലെയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.