കെ സുധാകരൻ പെട്ടു; മോൻസനുമായുള്ള ബന്ധത്തിന്റെ കൂടുതൽ തെളിവുകൾ പുറത്ത്

0
67

പുരാവസ്തു വിൽപ്പനക്കാരനെന്ന പേരിൽ പത്തുകോടി രൂപയുടെ വെട്ടിപ്പ് നടത്തിയ മോൻസൺ മാവുങ്കലിന് പണം കൈമാറിയത് കെപിസിസിസി പ്രസിഡന്റ് കെ സുധാകരന്റെ സാന്നിധ്യത്തിലെന്ന് തട്ടിപ്പിനിരയായ കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി ഷമീർ. കെപിസിസി പ്രസിഡന്റായ ശേഷവും സുധാകരനുമായി മോൻസൺ അടുത്ത ബന്ധം തുടരുന്നുണ്ടെന്നും ഷമീർ പറഞ്ഞു.

60 ലക്ഷം രൂപയാണ് ഷെരീഫിന് നഷ്ടമായത്. തട്ടിപ്പ് സുധാകരനെ അറിയിച്ചിരുന്നെങ്കിലും ഇടപെട്ടില്ല. സർക്കാർ അന്വേഷണത്തിൽ തൃപ്തനാണെന്നും നീതി ലഭിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും ഷമീർ വാർത്താലേഖകരോട് പറഞ്ഞു.

മോൻസണെതിരെ പരാതി കൊടുത്ത ആറുപേരിൽ ഒരാളാണ് ഷമീർ. 2018 സെപ്തംബർ മുതൽ 2021 മാർച്ച് വരെ തവണകളായാണ് മോൻസൺ പണം കൈപ്പറ്റിയത്. കോഴിക്കോട് സ്വദേശിയായ യാക്കൂബിന് രണ്ട് കോടി പത്ത് ലക്ഷം രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്. പുരാവസ്തു വിൽപനക്കാരനെന്ന വ്യാജേന തട്ടിപ്പ് നടത്തിയ കേസിൽ മോൻസൺ പൊലീസ് കസ്റ്റഡിയിലാണ്. സുധാകരനുമായി മോൻസൺ മാവുങ്കലിന്റെ ബന്ധം വെളിപ്പെടുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.

ചിത്രങ്ങൾ പുറത്തുവിട്ടത് പരാതിക്കാർ തന്നെയാണ്. കോസ്മറ്റോളജിസ്റ്റ് എന്ന് പറഞ്ഞ് സുധാകരനെ മോൻസൺ 10 ദിവസം ചികിത്സിച്ചെന്നും ഇയാൾക്കായി ഡൽഹിൽ ഇടപെടലുകൾ നടത്തിയിരുന്നതായും പരാതിക്കാർ പറയുന്നു. സുധാകരന് തട്ടിപ്പിലുള്ള ബന്ധം സമഗ്രമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അധികൃതർക്ക് പരാതി നൽകുമെന്ന് ഷെമീർ പറഞ്ഞു. യുഎഇ അടക്കമുള്ള രാജ്യങ്ങളിലെ രാജകുടുംബങ്ങൾക്ക് പുരാവസ്തുക്കൾ കൈമറായ വകയിൽ 2,62,000 കോടി രൂപ തന്റെ അക്കൗണ്ടിൽ എത്തിയിട്ടുണ്ടെന്നും സാങ്കേതിക കുരുക്കഴിച്ച് പണം സ്വന്തമാക്കാനുള്ള ചെലവിന് തുക വേണമെന്നും ഇയാൾ പറഞ്ഞിരുന്നു. ഇത് വിശ്വസിച്ച് പണം നൽകിയവരെയാണ് മോൻസൺ തട്ടിപ്പിന് ഇരയാക്കിയത്.