അധ്യാപകന്‍ മദ്യപിച്ച്‌ സ്‌കൂളിലെത്തി മേശക്കടിയില്‍ ; വീഡിയോ ദൃശ്യങ്ങള്‍ വൈറലായതോടെ സസ്‌പെന്‍ഷന്‍

0
46

മദ്യപിച്ച്‌ സ്‌കൂളിലെത്തി ബോധമില്ലാതെ പെരുമാറിയ പ്രധാനാധ്യാപകന്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലായതോടെ സസ്‌പെന്‍ഷന്‍. ഛത്തീസ്ഗഡിലെ കോര്‍ബയിലെ കാരി മാട്ടി ഗ്രാമത്തിലാണ് സംഭവം. പ്രൈമറി സ്‌കൂളിലെ പ്രധാനാധ്യാപകനായ രാമനാരായണ്‍ പ്രധാനെയാണ് സംഭവവുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഡ് ചെയ്തത്.

കുട്ടികള്‍ക്ക് മാതൃകയാകേണ്ട അധ്യാപകന്‍ മദ്യപിച്ച്‌ സ്‌കൂളിലെത്തി മേശക്കടിയില്‍ വെളിവില്ലാതെ പെരുമാറുന്നതും കിടന്നുറങ്ങുന്നതുമായ ദൃശ്യങ്ങള്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. സ്‌കൂള്‍ ഓഫിസ് മുറിയിലാണ് ഈ രംഗങ്ങള്‍ അരങ്ങേറിയതെന്നാണ് വിഡിയോ ദൃശ്യങ്ങളില്‍നിന്നും മനസിലാകുന്നത്. തുടര്‍ന്ന് അന്വേഷണം നടത്തി അധികൃതര്‍ നടപടി സ്വീകരിക്കുകയായിരുന്നു.

‘അധ്യാപകന്റെ പ്രവൃത്തിയില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തുന്നു. സ്‌കൂളില്‍നിന്ന് രാമനാരായന്‍ പ്രധാനെ സസ്‌പെന്‍ഡ് ചെയ്തു’ -ബ്ലോക് വിദ്യാഭ്യാസ ഓഫിസര്‍ എല്‍ എസ് ജോഗി പറഞ്ഞു. അതേസമയം, അധ്യാപകന്‍ ആദ്യമായല്ല ക്ലാസില്‍ മദ്യപിച്ച്‌ വരുന്നതെന്നും ബോധമില്ലാതെ കിടക്കുന്നതെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.