റിയാദ് അന്താരാഷ്ട്ര പുസ്തകമേളയിലേക്കുള്ള സന്ദര്‍ശകരുടെ പ്രവേശനം സൗജന്യം

0
61

റിയാദ്: റിയാദ് അന്താരാഷ്ട്ര പുസ്തകമേളയിലേക്കുള്ള സന്ദര്‍ശകരുടെ പ്രവേശനം സൗജന്യം. സൗദി ലിറ്ററേച്ചര്‍, പബ്ലിഷിങ്ങ് ആന്‍ഡ് ട്രാന്‍സ്‌ലേഷന്‍ കമ്മീഷനാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം പുസ്തകമേളയിലേക്കെത്തുന്ന സന്ദര്‍ശകര്‍ക്ക് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആവശ്യമാണ്. Tawakkalna ആപ്പുമായി ബന്ധപ്പെടുത്തിയാണ് രജിസ്‌ട്രേഷന്‍ നടപ്പിലാക്കുന്നത്. സന്ദര്‍ശകരുടെ ആരോഗ്യ സ്റ്റാറ്റസ് ഉറപ്പ് വരുത്തുന്നതിന് വേണ്ടിയാണ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍.

കോവിഡ് പ്രോട്ടോകോള്‍ പൂര്‍ണ്ണമായും പാലിച്ചു കൊണ്ട് സന്ദര്‍ശകരെ അനുവദിക്കുന്നതിന് രജിസ്‌ട്രേഷന്‍ നടപടി സഹായകമാകുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. മേളയില്‍ നേരിട്ട് പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് ഓണ്‍ലൈനിലൂടെ പുസ്തകങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നതിന് അവസരമൊരുക്കുന്ന വിര്‍ച്യുല്‍ എക്‌സിബിഷനും പുസ്തക മേളയുടെ ഭാഗമായി സജ്ജമാക്കുന്നുണ്ട്.

2021 ഒക്ടോബര്‍ 1 മുതലാണ് റിയാദ് അന്താരാഷ്ട്ര പുസ്തകമേള ആരംഭിക്കുന്നത്. ഒക്ടോബര്‍ 10 ന് പുസതക മേള അവസാനിക്കും. 28 രാജ്യങ്ങളില്‍ നിന്നായി ആയിരത്തോളം പുസ്തക പ്രസാധകരാണ് മേളയില്‍ പങ്കെടുക്കുന്നത്. റിയാദ് ഫ്രണ്ടില്‍ വെച്ചാണ് മേള സംഘടിപ്പിക്കുന്നത്.