ശ്രീപത്‌മനാഭസ്വാമി ക്ഷേത്ര ട്രസ്‌റ്റിനെ ഓഡിറ്റിൽനിന്ന്‌ ഒഴിവാക്കാനാകില്ല: സുപ്രീംകോടതി

0
46

ഓഡിറ്റില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ശ്രീപദ്മനാഭസ്വാമി ക്ഷേത്ര ട്രസ്റ്റ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. 25 വര്‍ഷത്തെ വരവും ചെലവും പരിശോധിക്കണമെന്നും മൂന്ന് മാസത്തിനുളളില്‍ ഓഡിറ്റ് പൂര്‍ത്തിയാക്കാനും കോടതി നിര്‍ദ്ദേശിച്ചു.ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.
ഭരണപരമായ കാര്യങ്ങളില്‍ ട്രസ്റ്റ് ഇടപെടുന്നില്ലെന്നും അതുകൊണ്ട് ട്രസ്റ്റിനെ ഓഡിറ്റിംഗില്‍ നിന്ന് ഒഴിവാക്കണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. 25 വർഷത്തെ പ്രത്യേക ഓഡിറ്റ് നടത്തണമെന്ന സുപ്രിംകോടതിയുടെ മുൻ ഉത്തരവിൽ ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ട്രസ്റ്റും ഉൾപ്പെടുമെന്നും കോടതി വ്യക്തമാക്കി. ട്രസ്റ്റിനെ ഓഡിറ്റിങിൽ നിന്ന് ഒഴിവാക്കരുതെന്നായിരുന്നു ഭരണസമിതി നിലപാട്.ക്ഷേത്രത്തിന്റെ ദൈനംദിന ചെലവുകൾ കൂടി വഹിക്കാനാണ് ട്രസ്റ്റ് രൂപീകരിച്ചതെന്ന് ഭരണസമിതി ചൂണ്ടിക്കാട്ടി. ചില ക്ഷേത്ര സ്വത്തുക്കൾ ട്രസ്റ്റിന്റെ കൈവശമാണ്.കോവിഡ്‌ കാരണമുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സർക്കാരിന്റെയും ക്ഷേത്രം ട്രസ്‌റ്റിന്റെയും സഹായം വേണം. ക്ഷേത്രത്തിന്റെ ദൈനംദിന ചെലവുകൾ വഹിക്കാൻ ട്രസ്റ്റിന് നിർദേശം നൽകണമെന്നും ഭരണസമിതി ആവശ്യപ്പെട്ടിട്ടുണ്ട്.