വസ്ത്രത്തിന്റെ നീളം കുറഞ്ഞു, ഹാളിൽ കയറ്റാതെ അധികൃതർ, കര്‍ട്ടന്‍ ചുറ്റി പരീക്ഷയെഴുതി വിദ്യാര്‍ത്ഥിനി

0
69

എന്‍ട്രന്‍സ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥിനിയുടെ വസ്ത്രത്തിന് നീളക്കുറവെന്ന് ആരോപിച്ച്‌ ഹാളില്‍ കയറ്റാതെ അധികൃതര്‍ തടഞ്ഞു. അസമിലെ സോനിത്പുര്‍ ജില്ലയിലാണ് സംഭവം.ഷോര്‍ട്ട്‌സ് ധരിച്ച്‌ പരീക്ഷയെഴുതാനെത്തിയ 19കാരിയായ ജൂബിലി തമൂലിയാണ് ദുരനുഭവം നേരിട്ടത് . അസം കാർഷിക സര്‍വകലാശാല നടത്തിയ എന്‍ട്രന്‍സ് പരീക്ഷ എഴുതാനെത്തിയതായിരുന്നു 19കാരി. പരീക്ഷ തുടങ്ങുന്നതിനു മുമ്പ് മറ്റ് വിദ്യാർത്ഥികൾക്കൊപ്പം പരീക്ഷാഹാളിലേക്ക് പോകുമ്പോൾ പെണ്‍കുട്ടിയെ ഉദ്യോഗസ്ഥര്‍ തടഞ്ഞ് മാറ്റിനിർത്തി. അതേസമയം മറ്റുള്ളവരെ ഹാളിൽ പ്രവേശിപ്പിക്കുകയും ചെയ്തു. മാന്യമായ വസ്ത്രം ധരിച്ചെങ്കില്‍ മാത്രമേ പരീക്ഷാ ഹാളില്‍ കയറ്റൂ എന്ന് അധികൃതര്‍ വാശി പിടിച്ചതായി പെൺകുട്ടി ആരോപിക്കുന്നു. ഹാൾടിക്കറ്റ്, അഡ്മിറ്റ് കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ കോപ്പി അടക്കമുള്ള എല്ലാ രേഖകളും കാണിച്ചിട്ടുംജ് അകത്ത് കയറാൻ അനുവദിച്ചില്ല.

രേഖകൾ ഒന്നും പരിശോധിക്കാതെ വസ്ത്രത്തിന് നീളക്കുറവാണെന്നും ഇത് പരീക്ഷാ ഹാളില്‍ അനുവദിക്കില്ല എന്ന് പറയുകയായിരുന്നു ഉദ്യോഗസ്ഥർ. ഇക്കാര്യം അഡ്മിറ്റ് കാര്‍ഡില്‍ പറഞ്ഞിരുന്നില്ലല്ലോ എന്ന് ചോദിച്ചപ്പോള്‍ അതൊക്കെ നിങ്ങള്‍ അറിയണമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി. ഉദ്യോഗസ്ഥർ കടുംപിടുത്തം തുടർന്നതോടെ പിതാവിനോട് പാന്റ് വാങ്ങി വരാന്‍ പെൺകുട്ടി ആവശ്യപ്പെട്ടു. എന്നാൽ, അത്രയും സമയം പുറത്തിരിക്കേണ്ടി വരും എന്നതിനാല്‍ ഒടുവില്‍ ഷോര്‍ട്ട്‌സിന് മുകളില്‍ കര്‍ട്ടന്‍ ഉടുത്താണ് പരീക്ഷയെഴുതിയത്.