ആയുര്‍വേദ കടയുടെ മറവില്‍ സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ച്; 16 സിം കാര്‍ഡുകളുടെ സിം ബോക്സും അഡ്രസ് രേഖകളും പിടിച്ചെടുത്തു

0
76

പാലക്കാട് നഗരത്തിൽ ആയുര്‍വേദ കടയുടെ മറവില്‍ പ്രവർത്തിപ്പിച്ച സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ച് കണ്ടെത്തി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് രഹസ്യന്വേഷണ വിഭാഗം നടത്തിയ പരിശോധനയിലാണ് സമാന്തര എക്‌സ്ചേഞ്ച് കണ്ടെത്തിയത്. മേട്ടുപാളയം സ്ട്രീറ്റിലാണ് സമാന്തര എക്‌സ്ചേഞ്ച് കണ്ടെത്തിയത്. കടയില്‍ നിന്നും സിമ്മുകളും കേബിളുകളും പൊലീസ് പിടിച്ചെടുത്തു. കീര്‍ത്തി ആയൂര്‍വേദിക് എന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു സമാന്തര എക്‌സ്ചേഞ്ച്.
16 സിം കാര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്ന സിം ബോക്‌സും കുറച്ച്‌ സിമ്മുകളും കേബിളുകളും അഡ്രസ്സ് രേഖകളും പിടിച്ചെടുത്തു. സ്ഥാപനത്തിലെ ജീവനക്കാരൻ കണ്ണംപറമ്പ് സ്വദേശി സുലൈമാനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. കോഴിക്കോട് സ്വദേശിയായ മൊയ്തീന്‍ കോയയുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. സംഭവത്തില്‍ വിശദമായി അന്വേഷണം നടത്തിവരികയാണെന്ന് ജില്ലാ പൊലീസ് മേധാവി ആര്‍ വിശ്വനാഥ് പറഞ്ഞു. ചില ദിവസങ്ങളില്‍ പരിചയമില്ലാത്ത ചിലര്‍ ഇവിടെ വന്ന് പോകാറുണ്ടായിരുന്നുവെന്ന് നാട്ടുകാരും പറയുന്നു.